മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമായ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രമാണ് മലൈക്കോട്ടൈ വാലിബന്. ചിത്രം ജനുവരി 25നാണ് തിയേറ്ററിലെത്തിയത്. റിലീസിന് പിന്നാലെ ചിത്രത്തെ കുറിച്ച് സംമിശ്ര അഭിപ്രായങ്ങളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം വാര്‍ത്ത സമ്മേളനത്തില്‍ സംവിധായകന് ലിജോ ജോസ് പെല്ലിശ്ശേരിയും ഈ വിഷയത്തില്‍ പ്രതികരിച്ചിരുന്നു. ഇപ്പോഴിതാ മലൈക്കോട്ടൈ വാലിബന് കണ്ടതിനെ കുറിച്ചും സിനിമയ്ക്കെതിരെ വരുന്ന വിമര്‍ശനങ്ങളെ കുറിച്ചും സംസാരിച്ചിരിക്കുകയാണ് സംവിധായകന് അനുരാഗ് കശ്യപ്. ഫാമിലി എന്ന ഡോണ്‍ പാലത്തറയുടെ ചിത്രത്തിന്റെ ട്രെയ്ലര് ലോഞ്ചിനിടെയാണ് അനുരാഗ് ഇതേ കുറിച്ച് സംസാരിച്ചത്.
അനുരാഗ് കശ്യപ് പറഞ്ഞത് :
ഞാന്‍ മലൈക്കോട്ടൈ വാലിബന് കാണാന്‍ പോകുമ്പോള്‍ അങ്കമാലി ഡയറീസ് പ്രതീക്ഷിച്ചല്ല പോകുന്നത്. അല്ലെങ്കില്‍ ഇ.മ.യു പ്രതീക്ഷിച്ചല്ല പോകുന്നത്. ഞാന്‍ മലൈക്കോട്ടൈ വാലിബന് കാണാന്‍ പോകുമ്പോള്‍ ഇത്തവണ ലിജോ എന്താണ് ചെയ്ത് വെച്ചിരിക്കുന്നത് എന്ന് കാണാനാണ് ഞാന്‍ പോകുന്നത്. എനിക്ക് കാണേണ്ടത് മോഹന്‍ലാല്‍ ആക്ഷന്‍ എങ്ങനെ ചെയ്തു എന്നതാണ്. എന്റെ മുന്നില്‍ എന്താണോ അതാണ് എനിക്ക് കാണേണ്ടത്.
അല്ലാതെ ഇത്തരം നിരൂപണങ്ങള്‍ വെറുതെയാണ്. ഒരു സിനിമ കണ്ടിട്ട്, ഈ മോഹന്‍ലാലിനെ അല്ല ഞങ്ങള്‍ പ്രതീക്ഷിച്ചത് ഈ ലിജോയെ അല്ല ഞങ്ങള്‍ പ്രതീക്ഷിച്ചത് എന്ന് പറയുന്നത് ശരിയല്ല. ഇവിടെ പ്രശ്നം നിങ്ങളുടെ പ്രതീക്ഷയും നിങ്ങളുമാണ്. അല്ലാതെ മോഹന്‍ലാലോ ലിജോയോ അല്ല.