ഇന്ന് കശ്മീരിലും ഉത്തര്‍ പ്രദേശിലും ഉള്ള ആളുകള്‍ വരെ മലയാള സിനിമ കാണുന്നതിനാല്‍ അവര്‍ക്ക് ഇന്ന് ദുല്‍ഖര്‍ സല്‍മാനെയും ഫഹദ് ഫാസിലിനെയും അറിയാമെന്ന് നടി സുഹാസിനി മണിരത്നം. ഇതിന് ഒടിടി പ്ലാറ്റ്ഫോമുകള്‍ക്ക് സുഹാസിനി നന്ദി പറയുകയും ചെയ്തു. രണ്ടാമത് അന്താരാഷ്ട്ര ഹാപ്പിനെസ്സ് ഫിലിം ഫെസ്റ്റിവലിലെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു സുഹാസിനി മണിരത്നം.
സുഹാസിനി പറഞ്ഞത് :
സിനിമകളുടെ കാര്യത്തില്‍ മികച്ച സൃഷ്ട്ടികളാണ് മലയാളത്തില്‍ നിന്ന് ഉണ്ടാകുന്നത്. ഇന്ന് യുവാക്കള്‍ക്കിടയില്‍ സംവിധായകര്‍ ഒരുപാട് അറിയപ്പെട്ടു തുടങ്ങി. ഒ ടി ടി പ്ലാറ്റ്ഫോമുകള്‍ക്ക് നന്ദി, കാരണം ഇന്ന് കാശ്മീരിലും ഉത്തര്‍ പ്രദേശിലും ഉള്ള ആളുകള്‍ വരെ മലയാള സിനിമ കാണുന്നു. അവര്‍ക്ക് ഇന്ന് ദുല്‍ഖര്‍ സല്‍മാനെയും ഫഹദ് ഫാസിലിനെയും മലയാള സിനിമയില്‍ അഭിനയിക്കുന്ന നടിമാരെയും അറിയാം.
മലയാളം സിനിമകള്‍ പാന്‍ ഇന്ത്യന്‍ ആകുന്നതിലും അവയെ പ്രേക്ഷകര്‍ സ്വീകരിക്കുന്നതിലും സന്തോഷമുണ്ട്. 90കള്‍ക്ക് ശേഷം മലയാള സിനിമക്ക് എന്താണ് സംഭവിക്കുന്നത് എന്ന് ഞാന്‍ ചിന്തിച്ചിരുന്നു കാരണം അവര്‍ തെലുങ്കിലെയും തമിഴിലെയും സിനിമകളെ അനുകരിച്ച് ഒരുപാട് ഹീറോയിസം വരുന്നുണ്ടായിരുന്നു. ഭാഗ്യവശാല്‍ ഇന്ന് മലയാള സിനിമയെ യുവാക്കള്‍ ഏറ്റെടുത്ത് വീണ്ടും റിയലിസ്റ്റിക് പാതയിലേക്ക് തിരിച്ചുകൊണ്ട് വന്നിരിക്കുകയാണ്.