ലക്ഷദ്വീപിലേക്കുള്ള വിനോദസഞ്ചാരം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പുതിയ വിമാനത്താവളം നിർമ്മിക്കാൻ പദ്ധതി. ലക്ഷദ്വീപിലെ മിനിക്കോയി ദ്വീപിൽ പുതിയ വിമാനത്താവളം നിർമ്മിക്കാനാണ് കേന്ദ്രസർക്കാരിൻ്റെ ആലോചന. ഇതിനുള്ള ശുപാർശ ഇതിനോടകം കേന്ദ്ര വ്യോമയാനമന്ത്രാലയത്തിന് മുന്നിലെത്തിയിട്ടുണ്ട്. സഞ്ചാരികൾക്കൊപ്പം സൈന്യത്തിനും ഉപയോഗിക്കാൻ ഉതകുന്ന രീതിയിലുള്ള വിമാനത്താവളമായിരിക്കും മിനിക്കോയിയിൽ വരിക.
ലക്ഷദ്വീപിൻ്റെ തലസ്ഥാനമായ കവരത്തിയിലാണ് നിലവിൽ ചെറിയൊരു വിമാനത്താവളം പ്രവർത്തിക്കുന്നത്. ചെറുവിമാനങ്ങൾ ഇവിടെ നിന്നും കൊച്ചിയിലേക്ക് സർവ്വീസ് നടത്തുന്നുണ്ട്. എന്നാൽ ഇതിനു പകരം വാണിജ്യ – സൈനിക ഗതാഗതത്തിന് ഉതകുന്ന രീതിയിലുള്ള ഒരു ആധുനിക വിമാനത്താവളം പണിയാനാണ് കേന്ദ്രം പദ്ധതിയിടുന്നത്. ലക്ഷദ്വീപിൽ പുതിയ വിമാനത്താവളത്തിനായി നേരത്തെ തന്നെ പദ്ധതി പരിഗണനയിലുണ്ടായിരുന്നുവെങ്കിലും മാലിദ്വീപ് വിവാദത്തോടെ ലക്ഷദ്വീപിലെ വികസന പദ്ധതികൾക്കെല്ലാം പുതുജീവൻ കൈവന്നിരിക്കുകയാണ്.
മിനിക്കോയിൽ വിമാനത്താവളം നിർമ്മിക്കാൻ നേരത്തെ തന്നെ കോസ്റ്റ് ഗാർഡ് കേന്ദ്രത്തിന് ശുപാർശ നൽകിയിരുന്നു. ഇവിടെ നിന്നും സമുദ്രമേഖലയിലാകെ നിരീക്ഷണം നടത്താം എന്നതാണ് കോസ്റ്റ് ഗാർഡിൻ്റെ പദ്ധതി. എന്നാൽ കോസ്റ്റ് ഗാർഡിനെ കൂടാതെ നാവികസേനയ്ക്ക് കൂടി പ്രവർത്തിക്കാൻ സാധിക്കുന്ന തരത്തിൽ വിപുലമായ ഒരു വിമാനത്താവളമാണ് ഇപ്പോൾ പദ്ധതിയിലുള്ളത്.
അതേസമയം ലക്ഷദ്വീപിൻ്റെ മുഖച്ഛായ മാറ്റുന്ന തരത്തിൽ പുതിയ വികസനപദ്ധതികളുമായി കൂടുതൽ സ്വകാര്യ നിക്ഷേപകർ രംഗത്ത് എത്തിയിരിക്കുകയാണ്. 2026-ന് മുൻപ് ടാറ്റാ ഗ്രൂപ്പിൻ്റെ രണ്ട് ആഡംബര റിസോർട്ടുകൾ ലക്ഷദ്വീപിൽ ഉയരുമെന്നാണ് റിപ്പോർട്ടുകൾ. ലക്ഷദ്വീപ് – മാലിദ്വീപ് വിവാദം ഉയർന്നതിന് പിന്നാലെ ലക്ഷദ്വീപിനെ മാലിദ്വീപിനേക്കാൾ സുന്ദരമായ സ്ഥലമായി പലരും ഉയർത്തികാണിച്ചിരുന്നു.
എന്നാൽ ലക്ഷദ്വീപിലെത്തുന്ന സഞ്ചാരികൾക്ക് ആവശ്യമായ അടിസ്ഥാന സൌകര്യമില്ലെന്ന പരാതി പല കോണുകളിൽ നിന്നും ഉയർന്നിരുന്നു. കഴിഞ്ഞ വർഷം ജനുവരിയിലാണ് ടാറ്റാ ഗ്രൂപ്പിൻ്റെ ഉപകമ്പനിയായ ഇന്ത്യൻ ഹോട്ടൽ കമ്പനി രണ്ട് താജ് ബ്രാൻഡഡ് റിസോർട്ടുകൾ ലക്ഷദ്വീപിൽ തുടങ്ങുമെന്ന് പ്രഖ്യാപിച്ചത്. ലക്ഷദ്വീപിലെ സുഹേലി ദ്വീപിൽ വരുന്ന താജ് റിസോർട്ടിൽ 110 മുറികളും 60 ബീച്ച് വില്ലകളും 50 വാട്ടർ വില്ലകളുമുണ്ട്. കടമത്തിൽ വരുന്ന താജ് ഹോട്ടലിൽ 110 മുറികളും 75 ബീച്ച് വില്ലകളും 35 വാട്ടർ വില്ലകളുമുണ്ടാവും. ലക്ഷദ്വീപിൻ്റെ പവിഴപ്പുറ്റടക്കമുള്ള സാധ്യതകൾ ഉപയോഗിച്ച് വാട്ടർ സ്പോർട്സ് പ്രയോജനപ്പെടുത്താനും താജ് ഗ്രൂപ്പിന് പദ്ധതികളുണ്ട്.