വെള്ളിയാമറ്റത്തെ കുട്ടികര്‍ഷകര്‍ക്ക് സഹായവുമായി നടന് ജയറാം. കുട്ടികര്‍ഷകരായ ജോര്‍ജ് കുട്ടിയുടെയും മാത്യുവിന്റെയും 13 പശുക്കള്‍ കഴിഞ്ഞ ദിവസം ചത്തത് വാര്‍ത്തയായിരുന്നു. കപ്പത്തൊലി കഴിച്ചതാണ് പശുക്കള്‍ ചത്തതിന് കാരണമെന്നാണ് കരുതുന്നത്. ഈ വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെയാണ് കുട്ടികര്‍ഷകര്‍ക്ക് സഹായവുമായി ജയറാം എത്തിയത്.
തന്റെ ഏറ്റവും പുതിയ ചിത്രമായ ഓസ്ലറിന്റെ ട്രെയ്ലര് ലോഞ്ചിനായി മാറ്റിവെച്ച അഞ്ച് ലക്ഷം രൂപയാണ് ഇവര്‍ക്ക് നല്‍കുമെന്ന് ജയറാം അറിയിച്ചത്. രാവിലെ പത്തരയ്ക്ക് വെള്ളിയാമറ്റത്തെ കുട്ടികളുടെ വീട്ടിലെത്തിയായിരിക്കും പണം നല്‍കുക.
അടുത്ത മാസം 11നാണ് ഓസ്ലറിന്റെ ട്രെയിലര്‍ ലോഞ്ച് നടത്താനിരുന്നത്. ഈ തുകയാണ് കുട്ടികര്‍ഷകര്‍ക്ക് നല്കാന് തീരുമാനിച്ചിരിക്കുന്നത്. 20 വര്‍ഷമായി താന്‍ പശുക്കളെ വളര്ത്തുന്നയാളാണെന്നും തനിക്ക് അതിന്റെ ബുദ്ധിമുട്ടും അതിലൂടെ ലഭിക്കുന്ന സന്തോഷവും അറിയാമെന്നും ജയറാം പറഞ്ഞു.
ഷൂട്ടിംഗ് ഇല്ലാത്ത സമയങ്ങള്‍ എല്ലാം താന്‍ ഫാമിലാണ് സമയം ചെലവഴിക്കാറ്. രണ്ട് തവണ ക്ഷീര കര്‍ഷകനുള്ള സര്‍ക്കാരിന്റെ പുരസ്കാരവും തനിക്ക് ലഭിച്ചിരുന്നു. ഈ കുട്ടികള്‍ക്കുണ്ടായ സമാനമായ അനുഭവം തനിക്കും ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇവരുടെ വിഷമം മനസിലാവും. ഇവരെ ഒന്ന് നേരിട്ട് കാണാന്‍ വേണ്ടി മാത്രമാണ് പോകുന്നതെന്നും ജയറാം പറഞ്ഞു.
കുട്ടികര്ഷകരിലൊരാളായ മാത്യുവിന് മികച്ച കുട്ടി ക്ഷീര കര്‍ഷകനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. തൊടുപുഴയിലെ ഏറ്റവും മികച്ച ക്ഷീര ഫാമുകളിലൊന്നാണ് ഇത്. നിരവധി പുരസ്കാരങ്ങള്‍ ഈ ഫാം നേടിയിട്ടുള്ളത്. പശുക്കള്‍ ചത്തു വീഴുന്നത് കണ്ട് മാത്യു ബോധരഹിതനായി വീഴുകയും ചെയ്തിരുന്നു.
കര്‍ഷകര്‍ക്ക് ആശ്വാസമായി മൃഗവകുപ്പ് മന്ത്രി ചിഞ്ചു റാണി രംഗത്തെത്തുകയും ചെയ്തിരുന്നു. സാധ്യമായ എല്ലാ സഹായവും ഉറപ്പാക്കുമെന്നും മന്ത്രി വാഗ്ദാനം ചെയ്തിരുന്നു.