മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്ത റോബിന് ബസ് ഉടമയ്ക്ക് വിട്ടുകൊടുത്തു. കോടതി ഉത്തരവിനെ തുടര്‍ന്നാണ് ബസ് വിട്ടു നല്‍കിയത്. ഒരു മാസത്തിന് ശേഷമാണ് നടപടി.
ഡിസംബര്‍ 26 മുതല്‍ ബസ് ഓടി തുടങ്ങുമെന്ന് ഉടമ ഗിരീഷ് അറിയിച്ചു. 82,000 രൂപ ഉടമ പിഴയായി അടച്ചതിന് പിന്നാലെയാണ് ബസ് വിട്ടുകൊടുക്കാന്‍ പത്തനംതിട്ട ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിന്റെ ഉത്തരവ് വന്നിരിക്കുന്നത്.
ബസ് കൈമാറുന്നതിന് മുമ്പ് ഇതിലുള്ള സാധനങ്ങളുടെ ലിസ്റ്റ് പത്തനംതിട്ട സ്റ്റേഷന് ഹൗസ് ഓഫീസര്‍ തയ്യാറാക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
ഹൈക്കോടതി ഉത്തരവ് മറികടന്ന് തുടര്‍ച്ചയായി ബസ് പെര്‍മിറ്റ് ലംഘനം നടത്തിയെന്ന് കാണിച്ചാണ് നവംബര്‍ 24ന് മോട്ടോര്‍ വാഹന വകുപ്പ് റോബിന് ബസ് പിടിച്ചെടുത്തത്. തുടരെയുള്ള നിയമലംഘനമുണ്ടായാല്‍ വാഹനം പിടിച്ചെടുക്കാനുള്ള വ്യവസ്ഥയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് എം വിഡി ഉദ്യോഗസ്ഥര്‍ ബസ് പിടിച്ചെടുത്തത്. പിന്നീട് ബസ് പത്തനംതിട്ട എ ആര് ക്യാംപിലേക്ക് മാറ്റുകയായിരുന്നു.