ശ്രീകാര്യത്ത് മണ്ണിടിഞ്ഞ് അപകടത്തില്‍പ്പെട്ട ബീഹാര്‍ സ്വദേശി ദീപക്കിനെ പുറത്തെടുത്തു. മൂന്നര മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് ദീപക്കിനെ രക്ഷിച്ചത്.
സീവേജ് പൈപ്പിന് കുഴിയെടുക്കുന്നതിനിടെയാണ് ദീപക്കിന്റെയും പോത്തന്‍കോട് സ്വദേശി വിനയന്റേയും മേല്‍ മണ്ണിടിഞ്ഞ് വീണത്. വിനയനെ ഉടന്‍ തന്നെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റാനായി. എന്നാല്‍ ദീപക്കിന്റെ ശരീരത്തില്‍ കനത്തില്‍ മണ്ണ് വീണതിനാല്‍ പുറത്തെടുക്കാനുള്ള പരിശ്രമം മണിക്കൂറുകള്‍ നീണ്ടു.
സീവേജ് പൈപ്പിന് കുഴിയെടുക്കുന്നതിനിടയില്‍ ഇരുവശങ്ങളിലുമായി വെട്ടിവെച്ചിരുന്ന മണ്ണ് ഇവരുടെ മേലേക്ക് വീഴുകയായിരുന്നു. പത്തടിയോളം താഴ്ചയിലാണ് മണ്ണിടിഞ്ഞ് ദീപക്കിനുമേല് വീണത്.
നാട്ടുകാരാണ് ആദ്യം രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. തുടര്‍ന്ന് അഗ്നിരക്ഷാ സേനയെയും വിവരമറിയിക്കുകയായിരുന്നു. വയല്‍ പ്രദേശമായതിനാല്‍ മണ്ണിന് ഉറപ്പ് കുറവാണെന്ന് പ്രദേശ വാസികള്‍ പറഞ്ഞു. കുഴിയിലെ മണ്ണ് ജെസിബി ഉപയോഗിച്ചാണ് നീക്കിയത്.