ചലച്ചിത്ര അക്കാദമിയിലെ ജനറല്‍ കൗണ്‍സില്‍ അംഗങ്ങള്‍ സമാന്തര യോഗം ചേര്‍ന്നില്ലെന്ന അക്കാദമി ചെയര്മാന് രഞ്ജിത്തിന്റെ വാദം പൊളിച്ച് യോഗത്തിന്റെ മിനുട്സ് പുറത്ത്. ജനറല്‍ കൗണ്‍സിലിലെ 15 അംഗങ്ങളില്‍ ഒന്‍പത് പേരും യോഗത്തില്‍ പങ്കെടുത്തതിന്റെ തെളിവാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
ഒരു അഭിമുഖത്തില്‍ രഞ്ജിത്തിന്റേതായി പുറത്തുവന്ന പരാമര്‍ശങ്ങളില്‍ പ്രതിഷേധിച്ച് തലസ്ഥാനത്ത് രാജ്യാന്തര ചലച്ചിത്ര മേള നടക്കുന്നതിനിടെ കൗണ്‍സിലിലെ ഒന്‍പത് അംഗങ്ങള്‍ സമാന്തര യോഗം ചേര്‍ന്നതായി വിവരം പുറത്തുവന്നിരുന്നു. എന്നാല്‍ ഇങ്ങനെ ഒരു സംഭവം നടന്നിട്ടില്ലെന്നായിരുന്നു രഞ്ജിത്തിന്റെവാദം. ഇത് തള്ളിക്കൊണ്ടാണ് മിനുട്സ് രേഖകള്‍ പുറത്ത് വന്നിരിക്കുന്നത്.
കഴിഞ്ഞ ദിവസം സമാന്തരമായി യോഗം ചേര്‍ന്ന കൗണ്‍സില്‍ അംഗങ്ങള്‍ മാധ്യമങ്ങളെ കണ്ടിരുന്നു. യോഗം ചേര്‍ന്നതായി ഇവര്‍ സമ്മതിക്കുകയും ചെയ്തിരുന്നു. ഇതിന്റെ തെളിവുണ്ടെന്ന് കൗണ്‍സില്‍ അംഗവും സംവിധായകനുമായ മനോജ് കാനുയുള്പ്പെടെയുള്ളവര് പറയുകയും ചെയ്തിരുന്നു.
അക്കാദമി എക്സിക്യൂട്ടീവ് അംഗം പ്രകാശ് ശ്രീധര്‍, ജനറല്‍ കൗണ്‍സില്‍ അംഗങ്ങളായ മനോജ് കാന, സോഹന്‍ സീനുലാല്‍, കുക്കു പരമേശ്വരന്, സിബി കെ തോമസ്, എന്‍ അരുണ്‍, കെ ഡി ഷൈബു മുണ്ടയ്ക്കല്‍, ജോബി എ എസ്, മുഹമ്മദ് കോയ എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്.
കൗണ്‍സില്‍ അംഗം കുക്കു പരമേശ്വരനെ അവഹേളിക്കുകയും അവരോട് അപമര്യാദയായി പെരുമാറുകയും ചെയ്ത അക്കാദമിയിലെ താത്കാലിക ജോലിക്കാരി ശ്രീവിദ്യയ്ക്കെതിരെ നടപടിയെടുക്കണമെന്നതാണ് ആദ്യത്തേത്. ചെയര്മാന് രഞ്ജിത്തിന്റെ ഏകപക്ഷീയവും ജനാധിപത്യവിരുദ്ധവുമായ നിലപാട് അവസാനിപ്പിക്കണമെന്ന ആവശ്യമാണ് രണ്ടാമത്തേത്.
രഞ്ജിത്ത് ഒന്നുകില്‍ പറഞ്ഞ് കാര്യങ്ങള്‍ തിരുത്തുകയോ അല്ലെങ്കില്‍ തല്‍സ്ഥാനത്ത് നിന്ന് നീക്കാനോ തയ്യാറാകണമെന്നും മിനുട്സില്‍ ആവശ്യപ്പെടുന്നു.