പ്രശാന്ത് നീല്‍-യഷ് കൂട്ടുകെട്ടില്‍ കന്നടയില്‍ നിന്നും വന്ന ബ്ലോക് ബസ്റ്റര്‍ ചിത്രമായിരുന്നു ‘കെജിഎഫ്’. ചിത്രത്തിന്റെ രണ്ടാം ഭാഗമായ ‘കെജിഎഫ് ചാപ്റ്റര്‍ 2’ തിയേറ്ററിലെത്തിയപ്പോള്‍ വലിയ ബോക്സ് ഓഫീസ് ഹിറ്റ് ആവുകയും ചെയ്തിരുന്നു. രണ്ടാം ഭാഗം അവസാനിച്ചത് ചിത്രത്തിന്റെ മൂന്നാം ഭാഗത്തിന് സൂചന നല്കിക്കൊണ്ടായിരുന്നു. ഇപ്പോഴിതാ മൂന്നാം ഭാഗം ഉണ്ടാകുമെന്ന കാര്യത്തില്‍ വ്യക്തത നല്‍കിയിരിക്കുകയാണ് സംവിധായകന് പ്രശാന്ത് നീല്‍.
‘കെജിഎഫ് 3 എന്തായാലും സംഭവിക്കും. ഞാന്‍ ആയിരിക്കുമോ ചിത്രത്തിന്റെ സംവിധായകന് എന്ന് അറിയില്ല. പക്ഷെ യഷ് എന്തായാലും ചിത്രത്തിന്റെ ഭാഗമായിരിക്കും. ഞങ്ങള്‍ അത് വെറുതെ അല്ല പ്രഖ്യാപിച്ചത്’, പ്രശാന്ത് നീല്‍ പിങ്ക് വില്ലയ്ക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
‘ഞങ്ങളുടെ കയ്യില്‍ ചിത്രത്തിന്റെ തിരക്കഥയുണ്ട്. പ്രഖ്യാപനത്തിന് മുന്‍പ് തന്നെ ഞങ്ങള്‍ തിരക്കഥയുടെ കാര്യത്തില്‍ തീരുമാനത്തില്‍ എത്തിയിരുന്നു. യഷ് ഇക്കാര്യത്തിലെല്ലാം വളരെ ശ്രദ്ധ നല്കുന്ന വ്യക്തിയാണ്. വെറുതെ ഒരു പരസ്യത്തിന് വേണ്ടി അവന് ഒന്നും ചെയ്യില്ല. കെജിഎഫ് 2ന്റെ അവസാനത്തില്‍ പ്രഖ്യാപനം നടത്തുന്നതിന് മുന്‍പ് തന്നെ ഞങ്ങള്‍ തിരക്കഥ തയ്യാറാക്കിയിരുന്നു’, എന്നും പ്രശാന്ത് നീല്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത് പ്രഭാസ്, പൃഥ്വിരാജ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ‘സലാര്‍’ എന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്. ഡിസംബര്‍ 22നാണ് ചിത്രം തിയേറ്ററിലെത്തുന്നത്. ഹോംബാലെ ഫിലിംസ് നിര്‍മ്മിച്ച ചിത്രത്തിന്റെ ബജറ്റ് 400 കോടിയാണ്. ശ്രുതി ഹസന്, ജഗപതി ബാബു എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാണ്.