ഐസ്വാൾ: മ്യാൻമറിലെ സായുധ സേനയിലെ 42 ഉദ്യോഗസ്ഥർ അതിർത്തി കടന്ന് ഇന്ത്യയിൽ അഭയം പ്രാപിച്ചതായി റിപ്പോർട്ട്. മിസോറാമിലെ ചാംഫായി ജില്ലയിലെ സോഖാവ്തർ പോലീസ് സ്റ്റേഷനിലാണ് മ്യാൻമാർ സായുധസേനയിലെ ഉദ്യോഗസ്ഥർ തിങ്കളാഴ്ച വൈകുന്നേരം അഭയം പ്രാപിച്ചത്. അതിർത്തിക്കപ്പുറം മ്യാൻമാറിലെ രണ്ട് ഗ്രാമങ്ങളിൽ വിമതരും സൈനികരും തമ്മിൽ ഏറ്റുമുട്ടിയിരുന്നു. ഏറ്റുമുട്ടലിനൊടുവിൽ വിമതർ സൈനികക്യാംപ് പിടിച്ചെടുത്തു. ഇതോടെയാണ് സൈനികർ അതിർത്തി കടന്ന് മിസ്സോറാമിലേക്ക് എത്തിയതും അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ അഭയം പ്രാപിച്ചതും എന്നാണ് വിവരം.
ആയുധങ്ങളും വെടിക്കോപ്പുകളുമടക്കമാണ് മ്യാൻമാർ സൈനികർ പൊലീസിൽ കീഴടങ്ങിയത് എന്നാണ് വിവരം. സൈനികർ അഭയം പ്രാപിച്ച കാര്യം മിസ്സോറം പൊലീസ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തെ അറിയിച്ചിട്ടുണ്ട്. അഭയം പ്രാപിച്ച സൈനികരെ മിസ്സോറാം – മ്യാൻമാർ അതിർത്തിയുടെ സുരക്ഷാചുമതല വഹിക്കുന്ന അസ്സം റൈഫിൾസിന് കൈമാറാൻ പൊലീസിന് നിർദേശം കിട്ടിയതായാണ് വിവരം. അസ്സം റൈഫിൾസ് മുഖേനെ മ്യാൻമാർ സർക്കാരിന് സൈനികരെ തിരികെ നൽകാനാണ് സാധ്യതയെന്നും ഉന്നത ഉദ്യോഗസ്ഥർ പ്രതികരിച്ചു. മ്യാൻമർ സൈനികരെ തിരികെ കൈമാറാനുള്ള ക്രമീകരണങ്ങൾ വിദേശകാര്യ മന്ത്രാലയം നടത്താനാണ് സാധ്യതയെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
സംഭവത്തിൽ മിസ്സോറാം സർക്കാരോ കേന്ദ്ര ആഭ്യന്തരമന്ത്രാലയമോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അതേസമയം മിസോറം പോലീസ് കസ്റ്റഡിയിലുള്ള 42 സൈനികരെ ചമ്പൈ ജില്ലയിലെ അതിർത്തി ഗ്രാമമായ ഹ്നഹ്ലാനിലേക്ക് കൊണ്ടുപോയി അവിടെ നിന്ന് മ്യാൻമറിലേക്ക് തിരിച്ചയക്കുമെന്നും മ്യാൻമർ സൈന്യവുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ ചർച്ചകൾ തുടരുകയാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
കാച്ചിൻ ഇൻഡിപെൻഡൻസ് ആർമി (കെഐഎ), ചിൻ നാഷണൽ ആർമി (സിഎൻഎ), ചിൻലാൻഡ് ഡിഫൻസ് ഫോഴ്സ് (സിഡിഎഫ്) എന്നിവയുടെ സംയുക്ത ഗ്രൂപ്പാണ് ഖവ്മാവിയിലെ മ്യാൻമാർ സൈനിക ക്യാമ്പ് കീഴടക്കിയതെന്നാണ് കരുതുന്നത്. നേരത്തെ സിഡിഎഫ് ഗറില്ലകൾ മ്യാൻമർ സൈനിക ഔട്ട്പോസ്റ്റുകളിൽ ആക്രമണം നടത്തിയതിന് ശേഷം ദിവസങ്ങളായി ഇന്ത്യ-മ്യാൻമർ അതിർത്തിയിൽ ഏറ്റുമുട്ടലുകൾ തുടരുകയാണ്. ഇന്ത്യൻ ഭാഗത്തുള്ള സോഖൗതറിൽ നിന്ന് ഏകദേശം 4-5 കിലോമീറ്റർ അകലെയുള്ള ടിയാവുവിന്റെ തീരത്തുള്ള റിഹ്ഖാവ്ദർ പട്ടണവും ഖൗമാവി ഗ്രാമവും പിടിച്ചെടുക്കാൻ വിമത സേന ശ്രമിച്ചിരുന്നു.
കെഐഎ-സിഎൻഎ-സിഡിഎഫ് സംയുക്ത സേന റിഹ്ഖാവ്ദർ ക്യാമ്പും പിടിച്ചെടുത്തു, അവിടെ അവർ ഏഴ് മ്യാൻമർ സൈനികരെ കസ്റ്റഡിയിലെടുത്തു. “ബാക്കിയുള്ളവർ ക്യാമ്പിന് നേരെയുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ടിരിക്കാം, ക്യാമ്പിൽ എത്ര മ്യാൻമർ സൈനികർ മരിച്ചുവെന്ന് ഞങ്ങൾക്ക് ഒരു വിവരവും ലഭ്യമല്ല,” രക്ഷപ്പെട്ട ചില മ്യാൻമാർ സൈനികരെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.