തന്റെ സിനിമ തിയേറ്റര്‍ കരിയര്‍ അവസാനിപ്പിക്കുന്നുവെന്ന് സംവിധായകന് അല്‍ഫോന്‍സ് പുത്രന്. തനിക്ക് ഓട്ടിസം സ്പെക്ട്രം ഡിസോഡര്‍ ആണെന്ന് സ്വയം കണ്ടെത്തിയതായും അതിനാല്‍ കരിയര്‍ അവസാനിപ്പിക്കുകയാണെന്നും അല്‍ഫോന്‍സ് പുത്രന് ഇന്‍സ്റ്റ്ഗ്രാമില്‍ പങ്കുവെച്ചു. എന്നാല്‍ കുറച്ച് സമയത്തിന് പിന്നാലെ പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തു.
‘ഞാന്‍ എന്റെ സിനിമ തിയേറ്റര്‍ കരിയര്‍ അവസാനിപ്പിക്കുന്നു. എനിക്ക് ഓട്ടിസം സ്പെക്ട്രം ഡിസോഡര്‍ ആണെന്ന് സ്വയം മനസിലാക്കി. ആര്‍ക്കും ഭാരമാവാന്‍ എനിക്ക് ആഗ്രഹമില്ല. പാട്ടുകളും വീഡിയോകളും ഷോര്‍ട്ട് ഫിലിമുകളും കൂടിപ്പോയാല്‍ ഒടിടിക്ക് വേണ്ടിയുള്ള കണ്ടന്റുകളും നിര്‍മിക്കും. എനിക്ക് സിനിമ നിര്‍ത്തണമെന്ന് ആഗ്രഹമില്ല. പക്ഷെ മറ്റുവഴികളില്ല. എനിക്ക് ചെയ്യാന്‍ കഴിയാത്ത വാഗ്ദാനങ്ങള്‍ ഒന്നും ഞാന്‍ നടത്തുന്നില്ല. ആരോഗ്യം മോശമാവുകയോ നമുക്ക് പ്രവചിക്കാന്‍ കഴിയാത്ത രീതിയില്‍ ആവുകയോ ചെയ്യുമ്പോള്‍ ഇന്റര്‍വെല്‍ പഞ്ചുകളില്‍ വരുന്നത് പോലെയുള്ള ട്വിറ്റുകള്‍ ജീവിതത്തില്‍ സംഭവിക്കും,’ എന്നാണ് അല്‍ഫോന്‍സ് കുറിച്ചത്.
Noted Malayalam dir #AlphonsePuthren has announced over social media that he will stop doing films for big screen “cinema theatres “! However will continue doing music videos & content for #OTT👇 pic.twitter.com/rzDhyABtcD
— Sreedhar Pillai (@sri50) October 30, 2023
അല്‍ഫോന്‍സിന്റെ പോസ്റ്റിന് നിരവധി പേര് പ്രതികരണവുമായി രംഗത്തെത്തി. സ്വയം തീരുമാനമെടുക്കാതെ ഡോട്കറുടെ സഹായത്തോടെ കൃത്യമായ രോഗനിര്‍ണയം നടത്തൂ എന്നടക്കം ആളുകള്‍ കമന്റുകളായി പോസ്റ്റിനടിയില്‍ രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ഏറെ വൈകാതെ തന്നെ അദ്ദേഹം പോസ്റ്റ് സാമൂഹ്യ മാധ്യമത്തില്‍ നിന്നും പിന്‍വലിക്കുകയും ചെയ്തു.
നേരം, പ്രേമം തുടങ്ങിയ ചിത്രങ്ങള്‍ വലിയ രീതിയില്‍ ചര്‍ച്ച ചെയ്യുകയും പ്രേമം തിയേറ്ററില്‍ വമ്പന്‍ ഹിറ്റ് സമ്മാനിക്കുകയും ചെയ്ത ചിത്രമാണ്. പൃഥ്വിരാജും നയന്‍താരയും ഒന്നിച്ച ഗോള്‍ഡ് ആണ് അല്‍ഫോന്‍സ് അവസാനം ചെയ്ത ചിത്രം.