ഇന്ത്യൻ മാധ്യമരംഗത്ത് പുതിയ ചുവട് വയ്പ്പിനൊരുങ്ങി മുകേഷ് അംബാനി. ആഗോളമാധ്യമഭീമൻമാരായ വാൾട്ട് ഡിസ്നിയുടെ ഉടമസ്ഥതയിലുള്ള സ്റ്റാർ ഗ്രൂപ്പ് ചാനലുകൾ, ഡിസ്നി ഹോട്ട് സ്റ്റാർ സ്ട്രീമിംഗ് പ്ളാറ്റ്ഫോം എന്നിവ പത്ത് ബില്ല്യണ് ഡോളറിന് അംബാനി ഏറ്റെടുത്തേക്കും എന്നാണ് വിവരം.
ഏറ്റെടുക്കൽ വാർത്തകൾ ഡിസ്നി ഗ്രൂപ്പും റിലയൻസ് ഇൻഡസ്ട്രീസും നിഷേധിച്ചതെങ്കിലും ഇക്കാര്യത്തിൽ നവംബർ ആദ്യവാരം ഇതു സംബന്ധിച്ച ഔദ്യോഗിക അറിയിപ്പുണ്ടാവും എന്നാണ് വിവരം. ജിയോ സിനിമയിലൂടെ ഇന്ത്യയിലെ ഒടിടി വ്യവസായത്തിലേക്ക് ചുവടുവച്ച് റിലയൻസിന് ഡിസ്നിയുടെ ഇന്ത്യൻ ബിസിനസ് ഏറ്റെടുക്കാൻ സാധിച്ചാൽ അതു പുതിയ മത്സരത്തിന് തുടക്കം കുറിക്കും.
ഏതാണ്ട് ഏഴ് ബില്ല്യണിനും എട്ട് ബില്ല്യണിനും ഇടയിലുള്ള തുകയ്ക്ക് കരാർ ഉറപ്പിക്കും എന്നാണ് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സ്റ്റാറിലും ഹോട്ട് സ്റ്റാറിലും ചെറിയൊരു ശതമാനം ഓഹരി നിലനിർത്തിയുള്ള കച്ചവടമാവും ഡിസ്നി നടത്തുക എന്നാണ് സൂചന. ഡിസ്നിയുടെ ആഗോളനേതൃത്വത്തിൽ മാറ്റമുണ്ടായതിന് പിന്നാലെയാണ് ഇന്ത്യയിലെ ബിസിനസ് വിൽക്കുന്നത് സംബന്ധിച്ച ചർച്ചകൾ ആരംഭിച്ചത്.
നേരത്തെ ഐപിഎൽ സംപ്രേക്ഷണവകാശം ഹോട്ട് സ്റ്റാറിന് നഷ്ടമായിരുന്നു. പിന്നാലെ 2022 ഫുട്ബോൾ ലോകകപ്പിൻ്റെ സംപ്രേക്ഷണാവകാശം നേടി ജിയോ സിനിമ തങ്ങളുടെ വരവറിയിച്ചു. കൂടാതെ ഹോട്ട്സ്റ്റാറിൻ്റെ കൈവശമുണ്ടായിരുന്ന എച്ച്.ബി.ഒ കണ്ടൻ്റും ജിയോയിലേക്ക് എത്തി. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 41.5 ദശലക്ഷം ഡോളറിൻ്റെ നഷ്ടമാണ് ഡിസ്നി രേഖപ്പെടുത്തിയത് ഇതിനു പിന്നാലെയാണ് ആഗോളതലത്തിൽ തന്നെ ബിസിനസ് പുനക്രമീകരിക്കാൻ കമ്പനി തീരുമാനിച്ചത്.