ലിയോ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് പാലക്കാടെത്തിയ സംവിധായകന് ലോകേഷ് കനകരാജിന് പരിക്ക്. ലോകേഷിനെ കാണാന്‍ തടിച്ച് കൂടിയ ആരാധകൂട്ടത്തിനിടെയില് തിക്കിലും തിരക്കിലും പെട്ടാണ് ലോകേഷിന്റെ കാലിന് പരിക്ക് പറ്റിയത്. കാലിന് പരിക്കേറ്റ ലോകേഷ് മറ്റു പരിപാടികള്‍ മാറ്റി വെച്ച് തിരികെ മടങ്ങി.
പാലക്കാട് അരോമ തിയേറ്ററിലായിരുന്നു സംവിധായകന്റെ ആദ്യ സന്ദര്‍ശനം. തിയേറ്റര്‍ പ്രമോഷന് വേണ്ടിയുള്ള പൂര്‍ണ രിതിയിലുള്ള സുരക്ഷ സംവിധാനങ്ങള്‍ ഒരുക്കിയിട്ടും തിയേറ്ററില്‍ ആരാധകരെക്കൊണ്ട് നിറഞ്ഞിരിക്കുകയായിരുന്നു.
നിയന്ത്രണങ്ങള്‍ മറികടന്ന് അതിരുകടന്ന ജനത്തെ നിയന്ത്രിക്കാന്‍ പൊലീസിന് ലാത്തിവീശേണ്ടി വന്നു. പരിക്കേറ്റതിന് പിന്നാലെ ഇന്ന് നടത്താനിരുന്ന തൃശൂര്‍ രാം തിയറേററിലെയും കൊച്ചി കവിത തിയറ്ററിലെയും തിയറ്റര്‍ വിസിറ്റുകള്‍ ലോകേഷ് ഒഴിവാക്കി. കൊച്ചിയില്‍ ഇന്ന് നടത്താനിരുന്ന പ്രസ് മീറ്റ് മറ്റൊരു ദിവസത്തില്‍ നടത്താനായി താന്‍ എത്തുമെന്നും ലോകേഷ് അറിയിച്ചു.
സെവന് സ്ക്രീന്‍ സ്റ്റുഡിയോ, ദ റൂട്ട് എന്നിവയുടെ ബാനറില്‍ ലളിത് കുമാറും ജഗദീഷ് പളനിസ്വാമിയും ചേര്‍ന്നാണ് ലിയോ നിര്‍മിക്കുന്നത്. കേരളത്തില്‍ ശ്രീ ഗോകുലം മൂവീസിന് വേണ്ടി ഗോകുലം ഗോപാലന് ആണ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്.
ചിത്രത്തില്‍ വിജയ്ക്ക് പുറമെ തൃഷ, ഗൗതം മേനോന്, മിഷ്കിന്, മാത്യു തോമസ്, ബാബു ആന്റണി, അന്‍സൂര്‍ അലി ഖാന് തുടങ്ങി നിരവധി താരങ്ങള്‍ വേഷമിടുന്നുണ്ട്.