നടന് പവന് കല്യാണിന്റെ നേതൃത്വത്തിലുള്ള രാഷ്ട്രീയ പാര്‍ട്ടിയായ ജനസേന ബിജെപിയുമായുള്ള ബന്ധം അവസാനിപ്പിച്ചു. എന്‍.ഡി.എ സഖ്യം ഉപേക്ഷിച്ച പാര്‍ട്ടി ചന്ദ്ര ബാബു നായിഡുവിന്റെ ടിഡിപിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു.
ആന്ധ്ര പ്രദേശിന്റെ വികസനത്തിനും സദ്ഭരണത്തിനും ടിഡിപിയും ജനസേനയും ഒന്നിക്കേണ്ടത് ആവശ്യമാണെന്ന് പവന് കല്യാണ്‍ പറഞ്ഞു.
‘ടിഡിപി ഒരു ശക്തമായ പാര്‍ട്ടിയാണ്. നല്ല ഭരണത്തിനും വികസനത്തിനും ആന്ധ്രാപ്രദേശിന് തെലുഗുദേശം പാര്‍ട്ടിയെ കൂടി വേണം. ഇന്ന് ടി.ഡി.പി ബുദ്ധിമുട്ടിലാണ്. അവര്‍ക്ക് നമ്മുടെ പിന്തുണ ആവശ്യമാണ്. ടിഡിപിക്ക് ജനസൈനികരുട യുവ രക്തം ആവശ്യമാണ്,’ പവന് കല്യാണ്‍ പറഞ്ഞു.
അഴിമതി കേസില്‍ ജയിലില്‍ കഴിയുന്ന ചന്ദ്രബാബു നായിഡുവിനെ കഴിഞ്ഞ മാസം പവന് കല്യാണ്‍ സന്ദര്‍ശിച്ചിരുന്നു. കഴിഞ്ഞ ജൂലായില്‍ ഡല്‍ഹിയില്‍ നടന്ന വിശാല എന്‍ഡിഎ യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപാടിനെ തന്റെ പാര്‍ട്ടി പിന്തുണയ്ക്കുമെന്ന് പവന് കല്യാണ്‍ പ്രഖ്യാപിച്ചിരുന്നു.
ആന്ധ്രപ്രദേശില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസിനെതിരെ പൊരുതാന്‍ ബിജെപി ടിഡിപി സഖ്യമായിരുന്നു പവന് കല്യാണ്‍ മുന്നോട്ട് വെച്ചത്. എന്നാല്‍ ടിഡിപിയുമായുള്ള സഖ്യത്തിന് ബിജെപി താത്പര്യം കാണിച്ചിരുന്നില്ല.
ടിഡിപി തലവന്‍ ചന്ദ്രബാബു നായിഡു ഇപ്പോഴും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരുകയാണ്. നൈപുണ്യ വികസന പദ്ധതി അഴിമതി കേസില്‍ സെപ്തംബര്‍ ഒന്‍പതിനാണ് ചന്ദ്രബാബു നായിഡു അറസ്റ്റിലായത്.