മഹാദേവ് ഗെയ്മിംഗ് ആപിനെതിരായ കേസുമായി ബന്ധപ്പെട്ട് ബോളിവുഡ് നടന് രണ്‍ബീര്‍ കപൂറിന് എന്‍ഫോഴ്സ്മെന്റ് ഡയരക്ടരേറ്റ് നോട്ടീസ്. വെള്ളിയാഴ്ച ഇ.ഡിയ്ക്ക് മുന്നില്‍ ഹാജരാകണമെന്നാണ് റിപ്പോര്‍ട്ട്.
ഗെയ്മിംഗ് ആപ് കമ്പനിയുടെ 417 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടിയതിന് പിന്നാലെയാണ് രണ്‍ബീര്‍ കപൂറിനെതിരെയും ഇഡി നോട്ടീസ് അയച്ചിരിക്കുന്നത്.
ഓണ്‍ലൈന്‍ ബെറ്റിംഗ് ആപ്പ് ആയ മഹാദേവ് ഗെയ്മിംഗ് ആപ്പിനെ പ്രമോട്ട് ചെയ്തതിന് രണ്‍ബീര്‍ സ്വീകരിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഇഡി നോട്ടീസ് അയച്ചിരിക്കുന്നത്.
ആപ് ഉടമകളില്‍ ഒരാളായ സൗരഭ് ചന്ദ്രകാറിന്റെ ആഡംബര വിവാഹത്തില്‍ പങ്കെടുത്ത ടൈഗര്‍ ഷറോഫ്, സണ്ണി ലിയോണി, നേഹ കക്കര്‍, ആതിഫ് അസ്ലം, റാഹത് ഫതേഹ് അലി ഖാന്, അലി അസ്ഗര്‍, വിശാല്‍ ദദ്ലാനി, എല്ലി എവ്റം, ഭാര്‍തി സിംഗ്, ഭാഗ്യശ്രീ, നുസ്രത്ത് ഭറുച, കൃഷ്ണ അഭിഷേക്, സുഖ്വീന്ദര് സിംഗ് തുടങ്ങിയവരില്‍ നിന്നും ഇഡി മൊഴിയെടുത്തേക്കും.
2023 ഫെബ്രുവരിയില്‍ യുഎഇയിലെ റാസല്‍ഖൈമയില്‍ വെച്ച് നടന്ന തന്റെ വിവാഹത്തിന് സൗരഭ് 200 കോടിയുടെ ഹവാല പണം ഒഴുക്കിയെന്നാണ് ഇ.ഡിയുടെ കണ്ടെത്തല്‍. ബന്ധുക്കളെയും സുഹൃത്തുക്കളെയും യു.എ.ഇയിലേക്ക് കൊണ്ടു വരാന്‍ പ്രൈവറ്റ് ജെറ്റ് വാടകയ്ക്ക് എടുക്കുകയും ഹോട്ടലുകള്‍ ബുക്ക് ചെയ്യാന്‍ മാത്രം 50 കോടിയോളം ചെലവഴിച്ചുവെന്നുമാണ് ഇഡിയുടെ കണ്ടെത്തല്‍. നോട്ടുകളായാണ് ഇതിനെല്ലാം ചെലവഴിച്ചത്.
എല്ലാ പണമിടപാടും നടന്നത് കറന്‍സിയിലാണ്. ചടങ്ങ് സംഘടിപ്പിച്ച ഇവന്റ് മാനേജ്മെന്റ് കമ്പനിയില്‍ നിന്ന് ബോളിവുഡ് താരങ്ങള്‍ ഹവാലപ്പണം സ്വീകരിച്ചെന്നും ഇ.ഡി വിലയിരുത്തുന്നു.