ദില്ലി: സ്വന്തം മണ്ണിൽ കാനഡ തീവ്രവാദത്തെ പ്രൊത്സാഹിപ്പിക്കുകയാണെന്ന് വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കർ. കാനഡയിലെ ഇന്ത്യൻ നയതന്ത്രജ്ഞർക്ക് ഓഫീസിൽ പോകാൻ ഭയമാണ്. അവരെ പരസ്യമായി ഭീഷണിപ്പെടുത്തുകയാണ്. ഈ സാഹചര്യത്തിലാണ് വിസ സേവനങ്ങൾ താത്കാലികമായി നിർത്തിയത്.
അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആൻ്ണി ബ്ലിങ്കനുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ജയ്ശങ്കറിൻ്റെ കടുത്ത പ്രതികരണം എന്നത് ശ്രദ്ധേയമാണ്. ഖലിസ്ഥാൻ തീവ്രവാദികൾക്ക് കാനഡ സുരക്ഷിത താവളമൊരുക്കുന്നുവെന്ന പരാതി ജയ്ശങ്കർ അമേരിക്കയെ നേരിട്ട് അറിയിച്ചുവെന്നാണ് റിപ്പോർട്ടുകൾ.
ഹര്‍ദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകത്തില്‍ കാനഡ നടത്തുന്ന അന്വേഷണത്തോട് ഇന്ത്യ സഹകരിക്കണമെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി ആൻറണി ബ്ലിങ്കൻ അഭിപ്രായപ്പെട്ടിരുന്നു. വിദേശ കാര്യമന്ത്രി എസ് ജയശങ്കറുമായുള്ള കൂടിക്കാഴ്ച്ചയിലാണ് ഇന്ത്യ അന്വേഷണത്തോട് സഹകരിക്കണമെന്ന് ആൻറണി ബ്ലിങ്കൻ ആവശ്യപ്പെട്ടത്. കൂടിക്കാഴ്ച്ചയിൽ നിജ്ജർ കൊലപാതകം ചർച്ചയായെന്ന് അമേരിക്കൻ വിദേശകാര്യ ഉദ്യോഗസ്ഥരാണ് അറിയിച്ചത്.