കാനഡയുമായുള്ള ബന്ധം വഷളായിരിക്കെ വീണ്ടും കടുത്ത നടപടിയുമായി ഇന്ത്യ. കാനഡ പൗരന്മാര്ക്ക് വിസ നല്‍കുന്നത് ഇന്ത്യ നിര്‍ത്തിവെച്ചു. അനിശ്ചിത കാലത്തേക്കാണ് വിസ നല്‍കുന്നത് നിര്‍ത്തിവെച്ചത്. കാനഡയിലെ വിസ സര്‍വീസ് ആണ് നിര്‍ത്തിവെച്ചിരിക്കുന്നത്.
കാനഡയില്‍ ഖലിസ്ഥാന്‍ വിഘടനവാദിയായ ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ ഇന്ത്യയ്ക്കെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. നിജ്ജാറിന്റെ മരണത്തിന് പിന്നില്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്ന കാനഡ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയുടെ ആരോപണം. ഇത് ഇന്ത്യ നിരസിച്ചിരുന്നു.
തുടര്‍ന്ന് ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളാവുകയായിരുന്നു. കാനഡയിലെ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥനെ കാനഡ പുറത്താക്കിയപ്പോള്‍ ഇന്ത്യയിലെ കാനേഡിയന്‍ നയതന്ത്ര ഉദ്യോഗസ്ഥനെ ഇന്ത്യയും പുറത്താക്കി. ഇതിന് പിന്നാലെയാണ് കാനഡ പൗരന്മാര്ക്ക് വിസ നല്‍കുന്നത് ഇന്ത്യ നിര്‍ത്തിവെച്ചത്.
അതേസമയം ഹര്‍ദീപ് സിംഗ് കൊല്ലപ്പെട്ടതിന് സമാനമായി വീണ്ടുമൊരു ഖലിസ്ഥാന്‍ അനുകൂലി കൂടി കാനഡയില്‍ കൊല്ലപ്പെട്ടിരുന്നു. സുഖ്ദൂല്‍ സിങ് (സുഖ ദുനേക) ആണ് കൊല്ലപ്പെട്ടത്.