മാധ്യമങ്ങള്‍ക്കെതിരായ അധിക്ഷേപത്തില്‍ മാപ്പ് പറഞ്ഞ് സിനിമാ-സീരിയല്‍ നടന് ഷിയാസ് കരീം. തനിക്കെതിരായ പീഡന വാര്‍ത്തകള്‍ കണ്ട് പ്രകോപിതനായി പറഞ്ഞു പോയതാണെന്നാണ് ഷിയാസ് കരീം പറഞ്ഞത്.
തനിക്ക് എല്ലാ പിന്തുണയും തന്നത് മാധ്യമങ്ങളാണ്. എന്നാല്‍ ഇന്നലെകുറേ വീഡിയോസും ലിങ്കുകളും മറ്റും ലഭിച്ചപ്പോള്‍ അതില്‍ പ്രകോപിതനായി പറഞ്ഞു പോയതാണെന്നും ഷിയാസ് പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെയാണ് ഷിയാസ് ഇക്കാര്യം വ്യക്തമാക്കിയത്.
‘ഇന്നലെ മാധ്യമങ്ങളെ ചീത്തവിളിച്ച് ഒരു വിഡിയോ ചെയ്തിരുന്നു. അതില്‍ മാപ്പുപറയുന്നു. എന്റെ കരിയറില്‍ 90 ശതമാനം പിന്തുണയും മാധ്യമപ്രവര്‍ത്തകരാണ്. ഒരുപാട് മാധ്യമപ്രവര്‍ത്തകര്‍ എന്നെ പിന്തുണച്ചിട്ടുണ്ട്. എന്നാല്‍, ഇന്നലെ നിരവധി വാര്‍ത്താ ലിങ്കുകളും വിഡിയോസും ലഭിച്ചപ്പോള്‍ അതില്‍ പ്രകോപിതനായി. അങ്ങനെയാണ് ചീത്തവിളിക്കുകയെല്ലാം ചെയ്തത്. അതിന്റെ പേരില്‍ ആര്‍ക്കെങ്കിലും വിഷമമായെങ്കില്‍ മാപ്പുചോദിക്കുന്നു,’ഷിയാസ് പറഞ്ഞു.
തനിക്ക് അറിയാത്ത കാര്യമാണ് നടക്കുന്നത്, കാര്യങ്ങള്‍ വളച്ചൊടിക്കപ്പെടുന്നുണ്ട്. ഒരുപാട് കഷ്ടപ്പെട്ടാണ് കുറച്ചുപേരെങ്കിലും എന്നെ തിരിച്ചറിയുന്നത്. പിന്തുണയ്ക്ക് എല്ലാവര്ക്കും നന്ദിയുണ്ട്. ഉടന്‍ തന്നെ നേരിട്ടു കാണുമെന്നും നടന്ന സംഭവങ്ങളെ കുറിച്ചെല്ലാം തുറന്നുപറയുമെന്നും ഷിയാസ് പറഞ്ഞു.
കഴിഞ്ഞദിവസം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വിഡിയോയിലായിരുന്നു മാധ്യമങ്ങളെ അധിക്ഷേപിച്ച് ഷിയാസ് കരീം രംഗത്തെത്തിയത്. താന്‍ ജയിലിലല്ലെന്നും ദുബൈയിലാണെന്നും പറഞ്ഞ താരം മാധ്യമങ്ങള്‍ക്കെതിരെ അശ്ലീല പരാമര്‍ശങ്ങളും നടത്തി. നാട്ടിലെത്തിയ ശേഷം നേര്‍ക്കുനേര്‍ കാണാണെന്നു മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.
ജിം ട്രെയിനറായ യുവതിയുടെ പീഡന പരാതിയിലാണ് ഷിയാസിനെതിരെ പൊലീസ് കേസെടുത്തത്. കാസര്‍കോട് ചന്തേര പൊലീസാണ് കേസെടുത്തത്. വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി.