ദുബായ്: 2023-ൽ അനുവദിച്ച ഗോൾഡൻ വിസകളുടെ എണ്ണത്തിൽ വൻ വർധനയെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് അറിയിച്ചു. മുൻവർഷത്തെ അപേക്ഷിച്ച് 52 ശതമാനം വർധനയാണ് ഇക്കുറിയുണ്ടായത്.
2019-ൽ അവതരിപ്പിച്ച ഗോൾഡൻ വിസ പ്രവാസികൾക്ക് 10 വർഷം വരെ രാജ്യത്ത് താമസിക്കാനോ ജോലി ചെയ്യാനോ പഠിക്കാനോ അനുവദിക്കുന്ന ദീർഘകാല റെസിഡൻസി വിസയാണ്. വ്യവസായികൾ, കലാകാരൻമാർ, മാധ്യമപ്രവർത്തകർ, മതപണ്ഡിതർ, കായികതാരങ്ങൾ, സാംസ്കാരിക പ്രവർത്തകർ, നിക്ഷേപകർ, സംരംഭകർ, ശാസ്ത്രജ്ഞർ അടക്കം സമൂഹത്തിന് പലതരത്തിൽ സംഭവാനകൾ നൽകുന്നവരെയാണ് ഗോൾഡൻ വിസയ്ക്ക് പരിഗണിക്കുക. 2022 നവംബർ വരെയുള്ള കണക്കനുസരിച്ച് ഏതാണ്ട് ഒന്നരലക്ഷത്തോളം ഗോൾഡൻ വിസകളാണ് വിതരണം ചെയ്തിട്ടുള്ളത്.
ജിഡിആർഎഫ്എയുടെ കണക്കനുസരിച്ച്, ഈ വർഷം ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ എമിറേറ്റിലെ റെസിഡൻസി വിസകളുടെ എണ്ണത്തിൽ 63 ശതമാനം വർധനയുണ്ടായി. ടൂറിസ്റ്റ് വിസകളിൽ 21 ശതമാനം വർധനയും രേഖപ്പെടുത്തി. കൊവിഡ് പ്രതിസന്ധിക്ക് ശേഷം ദുബായിലെത്തുന്നവരുടേയും ഇവിടെ താമസമാക്കിയവരുടേയും എണ്ണത്തിൽ വലിയവർധനയുണ്ടെന്നാണ് കണക്ക്. ദുബായ് എക്സ്പോ 2020 സന്ദർശകരുടെ എണ്ണം കുതിച്ചുകയറുന്നതിൽ നിർണായക പങ്കുവഹിച്ചു. ഈ വർഷം ഇതുവരെ 72070 യുഎഇയിലേക്ക് പുതുതായി കുടിയേറിയത്. ജനുവരി മുതൽ 72,700-ൽ അധികം താമസക്കാർ എത്തി. നിലവിൽ 36 ലക്ഷത്തിലേറെ പേർ ദുബായിൽ താമസിക്കുന്നുണ്ടെന്നാണ് ഔദ്യോഗിക വിവരം.