പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ആരംഭിച്ചു. ആദ്യ റൗണ്ട് എണ്ണിത്തൂരുമ്പോള് തന്നെ പുതുപ്പള്ളിയില്‍ ആര് വിജയിക്കുമെന്ന സാധ്യതകള്‍ അറിയാം. ആദ്യം പോസ്റ്റല്‍ വോട്ടുകളാണ് എണ്ണുക.
ശക്തമായ മത്സരമാണ് പുതുപ്പള്ളിയില്‍ നടന്നത് എന്നതുകൊണ്ട് തന്നെ മൂന്ന് മുന്നണികളും വിജയപ്രതീക്ഷയിലാണ്. രണ്ട് തവണ ഉമ്മന്‍ ചാണ്ടിയുടെ ഭൂരിപക്ഷം കുറക്കാന്‍ സാധിച്ച പ്രതീക്ഷയിലാണ് ജെയ്ക് സി. തോമസ് മൂന്നാം തവണയും അങ്കം കുറിക്കാന്‍ എത്തിയിരിക്കുന്നത്. ചാണ്ടി ഉമ്മനെ പരാജയപ്പെടുത്താന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് ഇടത് ക്യാംപുകള്‍.
എന്നാല്‍ സഹതാപ വോട്ടുകളും രാഷ്ട്രീയ വോട്ടുകളും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ് ക്യാംപ്. ഭരണ വിരുദ്ധ വികാരവും അനുകൂല ഘടകമാവുമെന്നാണ് യുഡിഎഫ് കരുതുന്നത്.
അയര്‍കുന്നം, അകലകുന്നം, കൂരോപ്പട, മണര്‍കാട്, പാമ്പാടി, പുതുപ്പള്ളി, മീനടം, വാകത്താനം എന്ന ക്രമത്തിലാണ് വോട്ടെണ്ണുക.
അയര്‍ക്കുന്നം അകലകുന്നം പഞ്ചായത്തുകള്‍ കേരള കോണ്‍ഗ്രസ് എമ്മിനും കോണ്‍ഗ്രസിനും സിപിഎമ്മിനും സ്വാധീനമുള്ളവയാണ്. ഈ പഞ്ചായത്തുകളില്‍ കോണ്‍ഗ്രസ് എമ്മിന്റെ വോട്ടുകള്‍ എങ്ങോട്ട് മറിയുമെന്നത് പ്രധാനമാണ്.
കൂരോപ്പട, മണര്‍ക്കാട്, പാമ്പാടി മണ്ഡലങ്ങള്‍ കഴിഞ്ഞവര്‍ഷം യുഡിഎഫിനെ പിന്തുണച്ചിട്ടില്ല. യഥാക്രമം, 1081, 1213, 342 എന്നീ വോട്ടുകള്‍ക്ക് ഉമ്മന്‍ ചാണ്ടി ഈ പഞ്ചായത്തുകളില്‍ പിന്നിലായിരുന്നു.
മീനടത്ത് 838 വോട്ടുകളുടെ ഭൂരിപക്ഷമാണ് കഴിഞ്ഞ തവണ ഉമ്മന്‍ ചാണ്ടിക്ക് ലഭിച്ചത്. പുതുപ്പള്ളിയില്‍ 2399 വോട്ടുകളും വാകത്താനത്ത് 1669 വോട്ടുകളുടെ പിന്തുണയുമാണ് ലഭിച്ചത്.