ബെംഗളൂരു: നടിയും കോണ്ഗ്രസ് നേതാവുമായ ദിവ്യ സ്പന്ദന മരിച്ചതായുള്ള വാർത്തകൾ തള്ളി കോണ്ഗ്രസ് നേതൃത്വം. നടി ആരോഗ്യത്തോടെ ഇരിക്കുന്നതായി തമിഴ്നാട് കോണ്ഗ്രസ് നേതാവ് കെ.ടി.എൽ സമൂഹമാധ്യമമായ എക്സിലൂടെ അറിയിച്ചു. രാഷ്ട്രീയനേതാവും നടിയുമായ ദിവ്യ സ്പന്ദന മരണപ്പെട്ടതായി ചില ഓണ്ലൈൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് വിശദീകരണവുമായി കോണ്ഗ്രസ് നേതൃത്വം രംഗത്ത് എത്തിയത്.
നമ്മുടെ പ്രിയപ്പെട്ട സോഷ്യൽ മീഡിയ ടീം അധ്യക്ഷയായ ദിവ്യ സ്പന്ദന ആരോഗ്യവതിയായി ഇരിക്കുന്നു. അവരെ പറ്റി പടരുന്ന ചില അഭ്യൂഹങ്ങളും ടിവി ചാനൽ വാർത്തകളും നൂറ് ശതമാനം തെറ്റാണ്… – പാർട്ടി നേതൃത്വം ട്വീറ്റിലൂടെ വ്യക്തമാക്കി.
ഹൃദയാഘാതത്തെ തുടർന്ന് ദിവ്യ സ്പന്ദന മരിച്ചു എന്ന തരത്തിൽ എക്സിൽ (ട്വിറ്റർ) അടക്കം നിരവധി പോസ്റ്റുകൾ ഷെയർ ചെയ്യപ്പെട്ടിരുന്നു. ദിവ്യ സ്പന്ദനയുടെ ആരാധകരടക്കം വ്യാജവാർത്തയ്ക്ക് പിന്നാലെ ആശങ്ക രേഖപ്പെടുത്തിയതോടെയാണ് കോൺഗ്രസ് നേതൃത്വം അഭ്യൂഹങ്ങങ്ങൾക്കും വ്യാജവാർത്തകൾക്കും അറുതി വറുത്തിയത്.
രമ്യ എന്ന പേരിൽ അറിയപ്പെടുന്ന നടി ദിവ്യ സ്പന്ദന കന്നഡ സിനിമയിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തുന്നത്. 2003-ൽ പുനീത് രാജ്കുമാറിന്റെ നായികയായിട്ടായിരുന്നു ദിവ്യയുടെ അഭിനയരംഗത്തേക്കുള്ള പ്രവേശനം. വൈകാതെ കുത്ത് എന്ന സിനിമയിലൂടെ അവർ തമിഴ് സിനിമാരംഗത്തേക്കും പ്രവേശിച്ചു. രമ്യ എന്ന പേരിലായിരുന്നു നടിയുടെ കോളിവുഡ് എൻട്രി. തുടർന്നുള്ള വർഷങ്ങളിൽ ഇരുഭാഷകളിലും മുൻനിര നായകനടൻമാർക്കൊപ്പം നിരവധി ചിത്രങ്ങളിൽ ദിവ്യ അഭിനയിച്ചു. വാരണം ആയിരം എന്ന ചിത്രത്തിലെ ദിവ്യയുടെ പ്രകടനം ഏറെ ശ്രദ്ധേയമായിരുന്നു.
2013-ൽ അഭിനയരംഗം വിടുന്നതായും രാഷ്ട്രീയത്തിൽ സജീവമാകുമെന്നും രമ്യ പ്രഖ്യാപിച്ചു. 2014-ലെ തെരഞ്ഞെടുപ്പിൽ കർണാടകയിലെ മാണ്ഡ്യയിൽ നിന്നും മത്സരിച്ച രമ്യ വിജയിച്ചു. വൈകാതെ കോൺഗ്രസ് പാർട്ടിയുടെ സമൂഹ്യമാധ്യമങ്ങളുടെ മേൽനോട്ട ചുമതല അവർ ഏറ്റെടുത്തു.
Our beloved Former Social Media Chairperson Ms. @divyaspandana is ABSOLUTELY FINE. Rumors and some TV channel news are 100% WRONG. #Verified #DivyaSpandana pic.twitter.com/VuBvwhCzrP
— KTL (@K_T_L) September 6, 2023