ടെഹ്റാൻ: അറബ് രാജ്യങ്ങളുടെ നയതന്ത്ര ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ചു കൊണ്ട് ഇറാനേയും ഇറാഖിനേയും ബന്ധിപ്പിക്കുന്ന റെയിൽ പാതയുടെ നിർമ്മാണം ആരംഭിച്ചു. ഇറാഖ് പ്രധാനമന്ത്രിയാണ് ശനിയാഴ്ച റെയിൽവേ പാതയുടെ നിർമ്മാണം ഉദ്ഘാടനം ചെയ്തത്.
“ബസ്ര-ചലംജ കണക്ഷൻ പ്രോജക്റ്റ്” എന്ന് പേരിട്ടിരിക്കുന്ന പദ്ധതി തെക്കൻ ഇറാഖിലെ പ്രധാന തുറമുഖ നഗരമായ ബസ്രയെ ചലംജ അതിർത്തി ക്രോസിംഗ് വഴി ഇറാന്റെ വിശാലമായ റെയിൽവേ ശൃംഖലയുമായി ബന്ധിപ്പിക്കുമെന്ന് ഗതാഗത മന്ത്രാലയ ഉദ്യോഗസ്ഥൻ വാർത്ത ഏജൻസിയായ എ.എഫ്.പിയോട് പറഞ്ഞു. ഇറാഖിൻ്റെ പ്രധാന രാഷ്ട്രീയ – സാമ്പത്തിക പങ്കാളിയാണ് ഇറാൻ. 18 മുതൽ 24 വരെ മാസം കൊണ്ട് പദ്ധതി പൂർത്തിയാവും എന്നാണ് പ്രതീക്ഷിക്കുന്നത്.
റെയിൽ പാത യഥാർത്ഥ്യമാകുന്നതോടെ ഇറാനിലേയും മറ്റു മധ്യേഷ്യൻ രാജ്യങ്ങളിൽ നിന്നുമുള്ള യാത്രാക്കാർക്ക് അതിവേഗം ഇറാഖിലെ തീർത്ഥാടന കേന്ദ്രങ്ങളിലേക്കും മറ്റും എത്താൻ സാധിക്കുമെന്ന് ഇറാഖ് പ്രധാനമന്ത്രി മുഹമ്മദ് ഷിയ അൽ സുഡാനി പദ്ധതി ഉദ്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു. 32 കിലോ മീറ്റർ ദീർഘമുള്ള പാതയിൽ പകുതി ഇറാഖിലും പകുതി ഇറാനിലുമാണ്.
വർഷങ്ങൾ നീണ്ട ചർച്ചകൾക്ക് ശേഷമാണ് ഇറാഖും ഇറാനും റെയിൽപദ്ധതിക്കായി 2021-ൽ കരാറൊപ്പിട്ടത്. എന്നാൽ നിർമ്മാണം തുടങ്ങുന്നത് പിന്നെയും രണ്ട് വർഷത്തിന് ശേഷമാണ്. ശനിയാഴ്ച നടന്ന ചടങ്ങിൽ, ഇറാന്റെ ആദ്യ വൈസ് പ്രസിഡന്റ് മുഹമ്മദ് മൊഖ്ബറിനൊപ്പം സുഡാനി പ്രതീകാത്മക തറക്കല്ലിട്ടു. റെയിൽപാതയ്ക്കായി ഭൂമിയേറ്റെടുക്കാനും റെയിൽവേ പാലും പണിയാനും അതിർത്തി മേഖലയിലെ കുഴിബോംബുകൾ നീക്കാനും വേണ്ട നടപടിയെടുത്ത ഇറാൻ സർക്കാരിനോട് സുഡാനി നന്ദി പറഞ്ഞു.
1979-ൽ ഇറാനിലുണ്ടായ ഇസ്ലാമിക വിപ്ലവത്തിന് പിന്നാലെ സദാം ഹുസൈൻ ഇറാഖിനെ ആക്രമിച്ചിരുന്നു. തുടർന്ന് 1980-മുതൽ എട്ട് വർഷം ഇരുരാജ്യങ്ങളും തമ്മിൽ യുദ്ധത്തിലായിരുന്നു. അമേരിക്കൻ അധിനിവേശത്തെ തുടർന്ന് തകർന്ന ഇറാഖ് അടിസ്ഥാന സൗകര്യങ്ങൾ വീണ്ടുമൊരുക്കാനുള്ള കഠിന പ്രയത്നത്തിലാണ്. ഇറാഖിൻ്റെ പുനർനിർമ്മാണത്തിനായി അയൽരാജ്യങ്ങളുടേയും മറ്റു സുഹൃത്ത് രാഷ്ട്രങ്ങളുടേയും സഹായം നേടിയെടുക്കാനുള്ള ശ്രമത്തിലാണ് പ്രധാനമന്ത്രി മുഹമ്മദ് ഷിയ അൽ സുഡാനി.
ഇറാഖിൻ്റെ വടക്കേ അതിർത്തിയായ തുർക്കി മുതൽ തെക്ക് കുവൈത്ത് വരെ1200 കിലോമീറ്റർ നീളം വരുന്ന റോഡും റെയിൽപാതയും നിർമ്മിക്കാനായി 17 ബില്ല്യൺ ഡോളറിൻ്റെ പദ്ധതി ഇറാഖ് സർക്കാർ പ്രഖ്യാപിച്ചിരുന്നു. നിർദ്ദിഷ്ട ഇറാഖ് – ഇറാൻ റെയിൽപാത ഭാവിയിൽ സിറിയയിലേക്കും നീട്ടാനുള്ള പദ്ധതിയും ചർച്ചയിലുണ്ട്.