ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കാല് തൊട്ട് വന്ദിച്ച സംഭവത്തില്‍ വിശദീകരണവുമായി നടന് രജനികാന്ത്. സന്യാസിമാരുടെ കാല് തൊട്ട് വന്ദിക്കുന്നത് തന്റെ ശീലമാണെന്നാണ് രജനികാന്ത് പറഞ്ഞത്. താന്‍ സന്യാസിമാരോട് ബഹുമാനം കാണിക്കുന്നത് അങ്ങനെയാണെന്നും രജനികാന്ത് പറഞ്ഞു.
‘സന്യാസിമാരെയോ യോഗിമാരെയോ കാണുമ്പോള്‍, അവര്‍ എന്നെക്കാള്‍ ചെറുപ്പമാണെങ്കിലും അവരുടെ കാലില്‍ വീഴുന്നതാണ് എന്റെ ശീലം. അതില്‍ പ്രായം നോക്കാറില്ല,’ രജനികാന്ത് പ്രതികരിച്ചു.
ഓഗസ്റ്റ് 19ന് യോഗി ആദിത്യനാഥിനെ സന്ദര്‍ശിക്കുന്ന വേളയിലാണ് രജനികാന്ത് കാല്‍തൊട്ട് വന്ദിച്ചത്. ഇതിന്റെ ചിത്രങ്ങള്‍ പുറത്ത് വന്നതോടെ വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. രജനികാന്തിന്റെ ജയിലര്‍ എന്ന ചിത്രത്തിന്റെ പ്രത്യേക പ്രദര്‍ശനം ലഖ്നൗവില്‍ വെച്ച് നടന്നിരുന്നു. ഇതിന്റെ ഭാഗമായി ആണ് യോഗി ആദിത്യ നാഥിനെ രജനികാന്ത് സന്ദര്‍ശിച്ചത്. ഇവര്‍ ഒരുമിച്ച് സിനിമ കാണുമെന്ന് രജനികാന്ത് പറയുകയും ചെയ്തിരുന്നു.