രാഹുൽ ഗാന്ധി പാർലമെന്റിന് അകത്തിരുന്നാലും പുറത്തിരുന്നാലും ഒരുപോലെയാണെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. രാഹുലിന് പാർലമെന്റിൽ കയറാൻ ദിവസങ്ങൾ വൈകിയെന്ന് പറഞ്ഞ ബഹളം വയ്ക്കേണ്ടതില്ലെന്നും രാജ്യം നരേന്ദ്ര മോദിയെ നെഞ്ചേറ്റിയിരിക്കുകയാണെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു. കോഴിക്കോട് ജില്ലാ പ്രഭാരിയായി ചുമതലയേറ്റ ശേഷം സംസാരിക്കുകയായിരുന്നു ശോഭാ സുരേന്ദ്രൻ.
“രാഹുലിന് പാർലമെന്റിൽ കയറാൻ ദിവസങ്ങൾ വൈകി എന്ന് പറഞ്ഞ് ബഹളം വയ്ക്കേണ്ടതില്ല. രാഹുൽ എത്ര ദിവസം പാർലമെന്റിൽ ഇരുന്നിട്ടുണ്ടെന്നുള്ളത് ഓർക്കണം. നരേന്ദ്ര മോദിയെ ജനങ്ങൾ നെഞ്ചേറ്റിയിരിക്കുകയാണ്. നരേന്ദ്ര മോദിയെ തകർക്കാൻ പ്രതിപക്ഷം ‘ഇന്ത്യ’ എന്ന പേരിൽ രംഗത്തെത്തിയിട്ടുണ്ട്. പ്രതിപക്ഷം ശക്തിപ്പെടണം എന്ന് തന്നെയായാണ് എക്കാലവും ബിജെപി പറഞ്ഞിട്ടുള്ളത്. ആര് വന്നാലും നരേന്ദ്ര മോദി ചിരിച്ചു കൊണ്ട് നേരിടും. ദേശീയധാരയിൽ നരേന്ദ്ര മോദിയും സഹ പ്രവർത്തകരും കക്ഷി രാഷ്ട്രീയം നോക്കിയല്ല മുന്നോട്ട് പോകുന്നത്”- ശോഭാ സുരേന്ദ്രൻ പറഞ്ഞു
സ്പീക്കർ എ.എൻ ഷംസീറിന്റെ പ്രസംഗം സംസ്ഥാനത്തെ ഹിന്ദുക്കളെയും മുസ്ലിങ്ങളെയും തമ്മിലടിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും അത് പെട്ടെന്നൊരു നാളിൽ സംഭവിച്ചതല്ല എന്നും ശോഭാ സുരേന്ദ്രൻ കൂട്ടിച്ചേർത്തു. അമ്പലമില്ലാത്ത കമ്മ്യൂണിസ്റ്റുകൾക്ക് ഗണപതി ഉണ്ടെന്നും, ഇല്ലെന്നും പറഞ്ഞാൽ ആരാണ് വിശ്വസിക്കുക എന്നും വിശ്വാസമില്ലെങ്കിൽ ദേവസ്വം ബോർഡ് പിരിച്ച് വിടുകയാണ് സിപിഎം ആദ്യം ചെയ്യേണ്ടതെന്നും ശോഭാ സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.