തിരുവനന്തപുരം: തിരുവനന്തപുരത്തെ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്റ്റർ പറത്തുന്നത് വിലക്കണമെന്ന് ശുപാർശ. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറാണ് ഇതു സംബന്ധിച്ച ശുപാർശ പൊലീസ് ആസ്ഥാനത്തിന് അയച്ചത്. പൊലീസ് ആസ്ഥാനത്ത് നിന്നും ഈ ശുപാർശ സർക്കാരിന് കൈമാറും ഇക്കാര്യത്തിൽ സർക്കാരാണ് ഇനി അന്തിമ തീരുമാനം എടുക്കേണ്ടത്.
കഴിഞ്ഞ മാസം 28-ന് വൈകുന്നേരം ഒരു ഹെലികോപ്റ്റർ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന് മുകളിലൂടെ പറന്നതോടെയാണ് പൊലീസിൻ്റെ ശ്രദ്ധ വിഷയത്തിലേക്ക് എത്തുന്നത്. വൈകിട്ട് ഏഴ് മണിയോടെ തുടങ്ങി അഞ്ച് തവണയാണ് ഹെലികോപ്റ്റർ ക്ഷേത്രത്തിനും പരിസരപ്രദേശൾക്കും മുകളിലൂടെ വട്ടമിട്ട് പറന്നത്. സംഭവം ശ്രദ്ധയിൽപ്പെട്ട സുരക്ഷാ ജീവനക്കാരും ക്ഷേത്രം ഭാരവാഹികളും വിവരം തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറുടെ ശ്രദ്ധയിൽപ്പെടുത്തി.
പൊലീസ് നടത്തിയ അന്വേഷണത്തിൽ ഒരു സ്വകാര്യ കമ്പനിയുടെ ഹെലികോപ്റ്ററാണ് ക്ഷേത്രത്തിന് മുകളിലൂടെ പറന്നതെന്നും സംഭവത്തിൽ മറ്റു ദുരൂഹതകളൊന്നുമില്ലെന്നും വ്യക്തമായി. എന്നാൽ അതീവ സുരക്ഷാമേഖലയായ പത്മനാഭസ്വാമി ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്റ്റർ പറത്താൻ നിരോധനമുണ്ടെന്നും ഇതിൽ വീഴ്ച വന്നതെന്ന് ഗുരുതരമായ പ്രശ്നമാണെന്നുമായിരുന്നു ക്ഷേത്രം ഭാരവാഹികളുടെ നിലപാട്. എന്നാൽ പൊലീസ് നടത്തിയ പരിശോധനയിൽ ക്ഷേത്രപരിസരത്ത് ഡ്രോണുകൾ പറത്താൻ മാത്രമാണ് നിരോധനമുള്ളതെന്നും മറ്റു തരത്തിലുള്ള വ്യോമഗതാഗത നിരോധനം നിലവിൽ ഇല്ലെന്നും വ്യക്തമായി. ഈ സാഹചര്യത്തിലാണ് ഹെലികോപ്റ്ററുകളും വിമാനങ്ങളും ക്ഷേത്രത്തിന് മുകളിലൂടെ പറക്കുന്നത് നിരോധിക്കാൻ കമ്മീഷണർ ശുപാർശ നൽകിയത്.
തിരുവനന്തപുരത്തെ രാജീവ് ഗാന്ധി എവിയേഷൻ ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശീലനത്തിന് ഉപയോഗിക്കുന്ന ചെറുവിമാനം നഗരത്തിന് മുകളിലൂടെ സ്ഥിരമായി പറക്കാറുണ്ട്. എന്നാൽ ഈ വിമാനവും പത്മനാഭസ്വാമി ക്ഷേത്രത്തിന് മുകളിലേക്ക് വരാറില്ലെന്നാണ് ക്ഷേത്രം ഭാരവാഹികൾ പറയുന്നത്.