ദുബായ്: മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രോം കൊറോണ വൈറസ് അഥവാ മെർസ് കോവി കേസ് യുഎഇയിൽ സ്ഥിരീകരിച്ചു. ജൂണിൽ നടത്തിയ പിസിആർ പരിശോധനയിലാണ് അബുദാബിയിലെ അൽ-ഐനിലുള്ള 28 കാരനായ പ്രവാസിക്ക് മെർസ് വൈറസ് ബാധ സ്ഥിരീകരിച്ചത്. അതേസമയം രോഗബാധിതനായ രോഗിയുമായി സമ്പർക്കം പുലർത്തിയവരെ എല്ലാം കണ്ടെത്തിയെന്ന് അധികൃതർ അറിയിച്ചു. രോഗബാധ സ്ഥിരീകരിച്ചതിന് മുൻപുള്ള അവസാനത്തെ 14 ദിവസത്തിൽ രോഗിയുമായി സമ്പർക്കം പുലർത്തിയ എല്ലാവരെയും കണ്ടെത്തി പരിശോധനയ്ക്ക് വിധേയമാക്കിയെന്നും പരിശോധന നടത്തിയ 108 പേരുടേയും ഫലം നെഗറ്റീവാണെന്നും അധികൃതർ പറഞ്ഞു.
2013 ജൂലൈയിലാണ് മെർസ് വൈറസ് ബാധ ആദ്യമായി യുഎഇയിൽ കണ്ടെത്തിയത്. കഴിഞ്ഞ പത്ത് വർഷത്തിനിടെ യുഎഇയിൽ സ്ഥിരീകരിക്കുന്ന 94-ാം മെർസ് കേസാണിത്. രോഗബാധിതരായ 12 പേർ മരണപ്പെട്ടിരുന്നു.
എന്താണ് മെർസ് വൈറസ്?
മനുഷ്യരുരേയും ഡ്രോമെഡറി ഒട്ടകങ്ങളേയും ബാധിക്കുന്ന ഒരു ശ്വാസകോശ രോഗമാണ് മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രോം (മെർസ്). രോഗബാധിതരിൽ 35 ശതമാനം പേർക്കും മരണസാധ്യതയുണ്ടെന്നതാണ് ഈ രോഗത്തെ അപകടകാരിയാക്കുന്നത്. മിഡിൽ ഈസ്റ്റിലും ആഫ്രിക്കയിലും ദക്ഷിണേഷ്യയിലുമാണ് ഡ്രോമെഡറി ഒട്ടകങ്ങളുടെ സാന്നിധ്യമുള്ളത്. ഇതുവരെ ലോകത്ത് റിപ്പോർട്ട് ചെയ്ത മെർസ് കേസുകളിൽ എൺപത് ശതമാനവും സൗദ്ദി അറേബ്യയിലാണ്.
എങ്ങനെയാണ് രോഗബാധ ഉണ്ടാകുന്നത്?
ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തിൽ, രോഗബാധയുള്ള ഡ്രോമെഡറി ഒട്ടകങ്ങളുമായി നേരിട്ടോ അല്ലാതെയോ സമ്പർക്കം പുലർത്തുന്നതിലൂടെ മനുഷ്യർക്ക് രോഗം പിടിപെടാം, എന്നിരുന്നാലും പകരുന്നതിന്റെ കൃത്യമായ വഴി വ്യക്തമല്ല. അൽ ഐനിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ഏറ്റവും പുതിയ കേസിന് ഡ്രോമെഡറികളുമായോ ആടുകളുമായോ നേരിട്ടോ അല്ലാതെയോ ബന്ധപ്പെട്ട ചരിത്രമില്ല. അതേസമയം, മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് ഈ രോഗം പകരാറുണ്ട്.
ലക്ഷണങ്ങൾ എന്തൊക്കെയാണ്?
നേരിയതോ കടുത്തതോ ആയ ശ്വാസതടസ്സം. പനി, ചുമ, ന്യൂമോണിയ എന്നിവയാണ് മെർസ് വൈറസിൻ്റെ പൊതുവിലുള്ള ലക്ഷണങ്ങൾ. വയറിളക്കം ഉൾപ്പെടെയുള്ളലക്ഷണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പ്രായമായവർ, ദുർബലമായ പ്രതിരോധശേഷി ഉള്ളവർ, വൃക്കരോഗം, കാൻസർ, വിട്ടുമാറാത്ത ശ്വാസകോശരോഗം, രക്താതിമർദ്ദം, ഹൃദയ സംബന്ധമായ അസുഖം, പ്രമേഹം തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളുള്ളവർ എന്നിവരിൽ മെർസ് ഗുരുതരമാവാൻ സാധ്യത കൂടുതലാണ്.
ലഭ്യമായ ചികിത്സ എന്താണ്?
മെർസ് വൈറസിന് നിലവിൽ വാക്സിനോ പ്രത്യേക ചികിത്സയോ നിലവിൽ ലഭ്യമല്ല. എങ്കിലും മെർസ് വാക്സിൻ വികസിപ്പിക്കാനുള്ള ഗവേഷണങ്ങളും പരീക്ഷണങ്ങളും ലോകത്തെ വിവിധ ലാബുകളിലായി തുടരുകയാണ്. കൊവിഡ് മാതൃകയിൽ രോഗലക്ഷണങ്ങൾക്കാണ് ഇപ്പോൾ ചികിത്സ നൽകുന്നത്.
എന്ത് മുൻകരുതലുകൾ എടുക്കാം?
ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തിൽ, ഫാമുകൾ, മാർക്കറ്റുകൾ, അല്ലെങ്കിൽ ഡ്രോമെഡറി ഒട്ടകങ്ങളും മറ്റ് മൃഗങ്ങളും ഉള്ള മറ്റ് സ്ഥലങ്ങൾ സന്ദർശിക്കുന്നവർ മൃഗങ്ങളെ സ്പർശിക്കുന്നതിന് മുമ്പും ശേഷവും പതിവായി കൈകഴുകുന്നത് ഉൾപ്പെടെയുള്ള പൊതുവായ ശുചിത്വ നടപടികൾ പാലിക്കണം, കൂടാതെ അസുഖമുള്ള മൃഗങ്ങളുമായി സമ്പർക്കം ഒഴിവാക്കുകയും വേണം. പാലും മാംസവും ഉൾപ്പെടെയുള്ള അസംസ്കൃതമായതോ വേവിക്കാത്തതോ ആയ മൃഗ ഉൽപന്നങ്ങളുടെ ഉപഭോഗം രോഗസാധ്യത സൃഷ്ടിക്കുന്നു. ഒട്ടക മാംസവും ഒട്ടക പാലും പോലുള്ളവ കൃത്യമായി വേവിച്ച ഉപയോഗിക്കാത്തതും രോഗസാധ്യതയുണ്ടാക്കും.