കോഴിക്കോട്: കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ തുടരുന്നു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ 8.30 മുതൽ രാത്രി 8.30 വരെ 19 മില്ലീമീറ്റർ മഴ പെയ്തുവെന്നാണ് കണക്ക്. താമരശ്ശേരി താലൂക്കിൽ 9 വീടുകൾ ഭാഗികമായും ഒരു വീട് പൂർണമായും തകർന്നു. വടകര താലൂക്കിൽ 12 വീടുകൾ ഭാഗികമായി തകർന്നു.
അതേസമയം ബംഗാൾ ഉൾക്കടലിൽ ആന്ധ്രാപ്രദേശ് – ഒഡിഷ തീരത്തിനു സമീപം പുതിയ ചക്രവാതചുഴി രൂപപ്പെട്ടു. അടുത്ത 24 മണിക്കൂറിനുള്ളിൽ ഇതു ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. കേരളത്തിൽ ഇന്നും വ്യാപകമായ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മധ്യ വടക്കൻ കേരളത്തിൽ ശക്തമായ മഴ സാധ്യതയുണ്ട്. മലയോര മേഖലയിൽ ഇന്നും ജാഗ്രത തുടരണമെന്ന് അധികൃതർ പറഞ്ഞു.
കോഴിക്കോട് ജില്ലയുടെ പുഴയോരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് കലക്ടർ നിർദേശിച്ചു. ചാലിയാറും ചെറുപുഴയും കരകവിഞ്ഞതോടെ മാവൂരിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായിട്ടുണ്ട്. കാട്ടിലും മലയോരത്തും മഴ ശക്തമായതോടെ ഇരവഞ്ഞി പുഴയിലും പൂനൂർ പുഴയിലും ജലനിരപ്പ് ഉയരുന്നുണ്ട്. ജൂലൈ 27 വരെ കടലിൽ പോകരുതെന്നു മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം നൽകി. തലയാട് മേഖലയിൽ മലവെള്ളപ്പാച്ചിൽ ഉണ്ടായി. കുത്തിയൊലിച്ചെത്തിയ വെള്ളം റോഡിലൂടെ പുഴയിലേക്ക് എത്തി.
കക്കോടി പഞ്ചായത്തിലെ 13–ാം വാർഡിൽ എളേടത്ത് പറമ്പത്ത് സിദ്ദീഖിന്റെ വീടിനോട് ചേർന്ന സംരക്ഷണഭിത്തി പൂർണമായും ഇടിഞ്ഞതോടെ വീട് അപകടാവസ്ഥയിലായി. ശക്തമായ മഴയിൽ ശനിയാഴ്ച അർധരാത്രിയാണ് വീട്ടുമുറ്റത്തോട് ചേർന്ന മതിൽ ഇടിഞ്ഞു സമീപത്തെ വീടിന്റെ പിറകുവശത്തേക്ക് പതിച്ചത്. വീട്ടുകാരോട് മാറി താമസിക്കാൻ അധികൃതർ നിർദേശിച്ചു. പഞ്ചായത്ത്, വില്ലേജ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു.
കോഴിക്കോട് മെഡിക്കൽ കോളജ് ക്യാംപസിലെ എൽഇ 49, 50 ക്വാർട്ടേഴ്സിനു മുകളിലേക്ക് മരം പൊട്ടിവീണതിനെ തുടർന്ന് ഉദ്യോഗസ്ഥരുടെ ക്വാർട്ടേഴ്സ് ഭാഗികമായി തകർന്നു. 3 വൈദ്യുതി പോസ്റ്റുകളും വൈദ്യുതി ലൈനുകതളും തകന്നു. അപകടത്തിൽ ആർക്കും പരിക്കില്ല. ഇവിടെ ഉണ്ടായിരുന്നവരെ സമീപത്തെ ക്വാർട്ടേഴ്സിലേക്കു മാറ്റി.