2022ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം മാറ്റിവെച്ചു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തെത്തുടര്‍ന്ന് സംസ്ഥാനത്ത് രണ്ട് ദിവസത്തെ ദുഃഖാചരണം നടക്കുന്നതിനാലാണ് 19ന് രാവിലെ നടക്കേണ്ടിയിരുന്ന അവാര്‍ഡ് പ്രഖ്യാപനം മാറ്റിവെച്ചത്.
സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് തിരുവനന്തപുരത്ത് അവാര്‍ഡ് പ്രഖ്യാപിക്കാനിരുന്നത്. ഗൗതം ഘോഷ് അധ്യക്ഷനായ ജൂറിയാണ് സിനിമകള്‍ വിലയിരുത്തിയിരുന്നത്.
മമ്മൂട്ടി-ലിജോ ജോസ് പെല്ലിശ്ശേരി ടീമിന്റെ നന്‍പകല്‍ നേരത്ത് മയക്കം, കുഞ്ചാക്കോ ബോബന് നായകനായ ന്നാ താന്‍ കേസ് കൊട്, തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത സൗദി വെള്ളക്ക, പുഴു, അപ്പന് അടക്കമുള്ള ചിത്രങ്ങളാണ് അവസാന റൗണ്ടിലുള്ളതെന്നാണ് സൂചന.
154 ചലച്ചിത്രങ്ങളാണ് ഇത്തവണ മത്സരരംഗത്തുള്ളത്. 2021ല്‍ 142 ഉം 2020ല്‍ 80 ചിത്രങ്ങളുമായിരുന്നു. 30 ശതമാനം ചിത്രങ്ങളാണ് അന്തിമ ജൂറിയുടെ പരിഗണനയില്‍ ഉള്ളത്.