പച്ചക്കറി മാർക്കറ്റിൽ ‘വിലക്കയറ്റം’ മത്സരത്തിൽ തക്കാളിയെ മറികടന്ന് ഇഞ്ചിയുടെ ജൈത്രയാത്ര തുടരുന്നു. കിലോയ്ക്ക് 100 രൂപ എന്ന ആഴ്ചകളായുള്ള തക്കാളിയുടെ സ്കോർ മറികടന്നാണ് ഇഞ്ചി ഇപ്പോൾ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. കിലോയ്ക്ക് 200 രൂപയാണ് ഇഞ്ചിയുടെ ഇപ്പോഴത്തെ വില. ഇരുവർക്കുമിടയിൽ കിലോയ്ക്ക് 150 രൂപ എന്ന നിലയിൽ പച്ചമുളകും മത്സരത്തിൽ നിലയുറപ്പിച്ചു കഴിഞ്ഞു. എന്നാൽ മുൻകാലങ്ങളിൽ ചാമ്പ്യന്മാരായ സവാള ഇത്തവണ ഏറ്റവും പുറകിലാണ്. കിലോയ്ക്ക് 20 രൂപയാണ് ഉള്ളിയുടെ നിലവിലെ വില.
കനത്ത മഴ കാരണം തമിഴ്നാട്ടിലും കർണ്ണാടകയിലുമുണ്ടായ കൃഷിനാശമാണ് വിലക്കയറ്റത്തിന്റെ പ്രധാന കാരണം. പച്ചക്കറി ലോഡ് എടുക്കാനായി അന്യസംസ്ഥാനങ്ങളിൽ പോയാൽ വില കാരണം വെറും കയ്യോടെ മടങ്ങേണ്ടി വരുന്ന അവസ്ഥയാണ് മൊത്തവ്യാപാരികൾക്കുള്ളത്. വിലവർദ്ധനവിന്റെ പശ്ചാത്തലത്തിൽ ചെറുകിട വ്യാപാരികളും ലോഡ് എടുക്കുന്നത് കുറഞ്ഞിട്ടുണ്ട്.
ചുരുക്കം ചില പച്ചക്കറികൾക്കൊഴികെ ഒട്ടുമിക്ക പച്ചക്കറികളിടേയും വില ദിനംപ്രതി ഉയരുകയാണ്. ഇനിയും ഒരു മാസം കഴിഞ്ഞാൽ മാത്രമേ തമിഴ്നാട്ടിലെ പച്ചക്കറികൾ വിളവെടുപ്പിന് പാകമാവുകയുള്ളു. അതിനാൽ തന്നെ വിലവർദ്ധനവ് ഒരുമാസം വരെ തുടരും എന്നാണ് പ്രതീക്ഷിക്കുന്നത്.