കത്തുന്ന വേനലിൽ ഡെലിവറി ഡ്രൈവർമാർക്ക് തണലൊരുക്കാൻ അബുദാബിയിൽ ‘ഡെലിവറി ഡ്രൈവേഴ്സ് ഹബ്ബ്’ ഒരുങ്ങുന്നു. ശീതീകരിച്ച വിശ്രമ കേന്ദ്രവും കുടിവെള്ള സൗകര്യങ്ങളുമുള്ള പദ്ധതിയാണ് മുൻസിപ്പാലിറ്റി നടപ്പാക്കുന്നത്.
അബുദാബി സർക്കാർ-സ്വകാര്യ ജീവനക്കാരുടെ സഹകരണത്തോടെയാണ് ഡെലിവറി റൈഡർമാർക്കായി ഇത്തരം സൗകര്യങ്ങളൊരുക്കുന്നത്. ഈ വർഷം സെപ്റ്റംബറിൽ നടപ്പിലാക്കുന്ന പദ്ധതിയുടെ ആദ്യ ഘട്ടമാണ് ഇപ്പോൾ നടപ്പിലാക്കുന്നത്.
യുഎഇ യിലെ കനത്ത വേനൽച്ചൂടിൽ ഡെലിവറി റൈഡർമാർ നേരിടുന്ന പ്രതിസന്ധികളും വെല്ലുവിളികളും റൈഡർമാരോട് നേരിട്ട് അഭിമുഖം നടത്തിയാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. വിശ്രമ കേന്ദ്രത്തിന് മുന്നിൽ റൈഡർമാർക്ക് തങ്ങളുടെ വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഒരേ സമയം 10 മുതൽ 15 വരെയുള്ള ആളുകൾക്ക് വിശ്രമിക്കാനാകും വിധമാണ് ഡെലിവറി ഡ്രൈവേഴ്സ് ഹബ്ബ് ഒരുക്കിയിരിക്കുന്നത്.
ബൈക്ക് ഡെലിവെറിക്കാരുടെ സൗകര്യങ്ങൾ മെച്ചപ്പെടുത്തും വഴി എല്ലാവരെയും ഉൾക്കൊള്ളുന്ന നഗരമായി എമിറേറ്റിനെ ഉയർത്താനാണ് മുന്‍സിപ്പാലിറ്റിയുടെ ലക്ഷ്യം.