നേരത്ത ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച നടന് ഭീമന് രഘു സിപിഐഎമ്മിലേക്ക്. മുഖ്യമന്ത്രി പിണറായി വിജയന് വിദേശ യാത്ര കഴിഞ്ഞെത്തിയാല്‍ അദ്ദേഹവുമായി ചര്‍ച്ച നടത്തുമെന്നും ഭീമന് രഘു മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.
ബിജെപിയില്‍ ചേര്‍ന്ന് മത്സരിക്കാനില്ലെന്ന് നേരത്തെ തന്നെ ഭീമന് രഘു വ്യക്തമാക്കിയിരുന്നു. ബിജെപിയില്‍ ചേര്‍ന്നതോടെ ആളുകള്‍ക്ക് തന്നെ പുച്ഛമായെന്നും സിനിമകള്‍ കുറഞ്ഞുവെന്നും ഭീമന് രഘു പറഞ്ഞിരുന്നു. ഇനി മത്സരിക്കാനില്ലെന്നും ഭീമന് രഘു വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ സിപിഐഎമ്മിലേക്ക് ചേക്കേറുകയാണെന്നും താരം അറിയിക്കുന്നു.
‘മുഖ്യമന്ത്രി വിദേശത്ത് നിന്ന് മടങ്ങിയെത്തിയാല്‍ അദ്ദേഹത്തെ നേരില്‍ കാണാന്‍ തീരുമാനിച്ചിരിക്കുകയാണ്. ബിജെപിയുമായി ഇനി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ആകില്ലെന്ന് ഞാന്‍ നേരത്തെ പറഞ്ഞതാണ്. മനസ്സുമടുപ്പിക്കുന്ന ഒരുപാട് അനുഭവങ്ങള്‍ കേരളത്തിലെ ബിജെപി നേതൃത്വത്തില്‍ നിന്നുണ്ടായി. തെരഞ്ഞെടുപ്പ് സമയത്ത് ഒരുപാട് പ്രയാസങ്ങളിലൂടെ കടന്നുപോയി. നമുക്ക് ജനങ്ങളിലേക്കിറങ്ങി പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചില്ല. രാഷ്ട്രീയ പ്രവര്‍ത്തനം ഏറെ ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാന്‍. അത്കൊണ്ട് തന്നെയാണ് ഞാന്‍ ഈ മേഖലയിലേക്ക് വന്നതും. എന്നാല്‍ ഞാന്‍ പ്രതീക്ഷിച്ചതല്ല ബിജെപിയില്‍ അംഗത്വമെടുത്ത ശേഷം സംഭവിച്ചത്. എനിക്ക് വളരെ ഇഷ്ടമുള്ള നേതാവാണ് മുഖ്യമന്ത്രി പിണറായി വിജയന്. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ ഞാന്‍ എല്ലായ്പോഴും പ്രശംസിച്ചിട്ടുണ്ട്. കേരളത്തിന് വേണ്ടി ഒരുപാട് നല്ല കാര്യങ്ങളാണ് അദ്ദേഹം ചെയ്തുകൊണ്ടിരിക്കുന്നത്. അതിന്റെ ഭാഗമാകണമെന്ന് ആഗ്രഹമുണ്ട്,’ ഭീമന് രഘു പറഞ്ഞു.
നേരത്തെ സംവിധായകന് രാജസേനനും സിപിഐഎമ്മിലേക്ക് കൂടുമാറുകയാണെന്ന് പറഞ്ഞിരുന്നു. നരേന്ദ്ര മോദിയില്‍ ആകൃഷ്ടനായാണ് ബിജെപിയില്‍ ചേര്‍ന്നത് എന്നാല്‍ തന്നെ കേള്‍ക്കാന്‍ അവിടെ ആരും ഉണ്ടായില്ലെന്നും കലാകാരന്മാര്ക്ക് പ്രവര്‍ത്തിക്കാന്‍ പറ്റിയ പാര്‍ട്ടി സിപിഐഎമ്മാണെന്നും രാജസേനന് പറഞ്ഞു.
സിപിഐഎം സംസ്ഥാന സെക്രട്ടറി ഗോവിന്ദന് മാസ്റ്ററെ രാജസേനന് നേരില്‍ കാണുകയും ചെയ്തിരുന്നു.