ദില്ലി: രാജ്യത്ത് പെട്രോൾ – ഡീസൽ വില കുറയാൻ സാധ്യത. എണ്ണ വിതരണ കമ്പനികളുടെ നഷ്ടം ഏറെക്കുറെ നികത്തപ്പെട്ട സാഹചര്യത്തിലാണ് പെട്രോള്‍, ഡീസല്‍ വില കുറയാൻ വഴിയൊരുങ്ങുന്നത്. കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിലെ ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച വാർത്താ ഏജൻസിയായ എ.എൻ.ഐ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.
മാർച്ചിൽ അവസാനിച്ച ത്രൈമാസ ഫലത്തിൽ വൻലാഭമാണ് പൊതുമേഖല എണ്ണകമ്പനികളായ ഇന്ത്യൻ ഓയിൽ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നിവ രേഖപ്പെടുത്തിയത്. റഷ്യയിൽ നിന്നും കുറഞ്ഞ വിലയ്ക്ക് എണ്ണ ലഭിക്കാൻ വഴിയൊരുങ്ങിയതും എണ്ണ കമ്പനികളുടെ ലാഭം വർധിക്കാൻ വഴിയൊരുക്കി. ഏപ്രിൽ മുതലുള്ള അടുത്ത പാദത്തിലും എണ്ണകമ്പനികൾ മികച്ച ലാഭമാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം 2021-22 സാമ്പത്തിക വർഷത്തിൽ 24184 കോടി ലാഭമുണ്ടാക്കിയ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ്റെ 2022-23 സാമ്പത്തിക വർഷത്തിലെ ലാഭവിഹിതം 8242 കോടിയിലേക്ക് ഇടിഞ്ഞു. ഭാരത് പെട്രോളിയത്തിൻ്റെ ലാഭത്തിലും സമാനമായ ഇടിവുണ്ടായിട്ടുണ്ട്. അതേസമയം ഹിന്ദുസ്ഥാൻ പെട്രോളിയം 8974 കോടിയുടെ നഷ്ടത്തിലാണ് 2023-ൽ ബിസിനസ് അവസാനിപ്പിച്ചത്.
നിലവിലെ സാഹചര്യത്തില്‍ നഷ്ടം തിരിച്ചുപിടിക്കല്‍ നടപടി എണ്ണ കമ്പനികളുടെ ഭാഗത്ത് നിന്നുണ്ടാകില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. നേരത്തെ ക്രൂഡ് ഓയില്‍ വില ഗണ്യമായി കുറഞ്ഞപ്പോഴും നഷ്ടം നികത്താനെന്ന പേരിലാണ് എണ്ണ കമ്പനികള്‍ പെട്രോള്‍ ഡീസല്‍ വില കുറയ്ക്കാതിരുന്നത്.
എണ്ണ കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകിലെ ചില രാജ്യങ്ങൾ എണ്ണ ഉത്പാദനം വെട്ടിക്കുറയ്ക്കുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും അത് എണ്ണ വിതരത്തെ ബാധിക്കില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം അറിയിച്ചു. ജൂലായ് മുതല്‍ എണ്ണ ഉത്പാദനം വെട്ടിക്കുറയ്ക്കുമെന്ന് സൗദി അറേബ്യ അറിയിച്ചിരുന്നു.