പ്ലാസ്റ്റിക് മാലിന്യങ്ങൾ കൃത്യമായി ബിന്നുകളിൽ ഉപേക്ഷിച്ചാൽ ഷോപ്പിംഗ് ഓഫറുകളുമായി അബുദാബി. ഇതിനായി അഡ്നോക് പെട്രോൾ പമ്പുകളിൽ പ്രത്യേകം ബിന്നുകളും സ്ഥാപിച്ചു. ഉപയോഗിച്ച് ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക്കുകളും കാനുകളും നിക്ഷേപിക്കാൻ സാധിക്കുന്ന റിവേഴ്സ് വെൻഡിങ് മെഷീനുകളാണ് (ആർ വി എം) സ്ഥാപിച്ചത്.
ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾക്കും അലൂമിനിയം കാനുകൾക്കും അനുസരിച്ചാണ് പോയിന്റുകൾ ലഭ്യമാകുക. 10 കിലോ മാലിന്യം ഉപേക്ഷിച്ചാൽ 1200 പോയിന്റുകളാകും ലഭിക്കുക. നിക്ഷേപിക്കുന്ന മാലിന്യങ്ങൾക്കനുസരിച്ച് ലഭിക്കുന്ന പോയിന്റുകൾ വ്യക്തികൾക്ക് യഥാസമയം അറിയാനും സാധിക്കുമെന്നതാണ് ആർ വി എമ്മിനെ മറ്റ് റീസൈക്ലിങ് മെഷിനുകളിൽ നിന്നും വ്യത്യസ്തമാക്കുന്നത്. ഇത്തരത്തിൽ ലഭിക്കുന്ന പോയിന്റുകൾ ഉപയോഗിച്ച് തെരഞ്ഞെടുക്കുന്ന കേന്ദ്രങ്ങളിൽ നിന്നും സാധനങ്ങളും മറ്റും വാങ്ങാനായി സാധിക്കും.
മാലിന്യങ്ങൾ ബിന്നുകളിൽ ഉപേക്ഷിക്കുന്നത് വഴി നഗരത്തെ കൂടുതൽ ശുചിത്വമുള്ളതാക്കാനും ഗുണ നിലവാരം മെച്ചപ്പെടുത്താനും സാധിക്കുമെന്നും ആളുകളെ ഇത്തരം പ്രവർത്തികൾ ചെയ്യാൻ പ്രചോദിപ്പിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം എന്നും അധികൃതർ വ്യക്തമാക്കി.
പ്രകൃതിയിൽ വലിച്ചെറിയുന്ന പ്ലാസ്റ്റിക്കുകൾ ഇല്ലാതാകാൻ ഏകദേശം 450 വർഷമെടുക്കുമെന്നാണ് കണക്കുകൾ പറയുന്നത്. പ്ലാസ്റ്റിക്കുകൾ വലിച്ചെറിയുന്നത് വഴി അത് പ്രകൃതിയെയും മനുഷ്യരേയുമെല്ലാം ബാധിക്കുമെന്നും ഇത്തരം പദ്ധതികളിലൂടെ ഒറ്റത്തവണ പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അധികൃതർ കൂട്ടിച്ചേർത്തു.