അരിക്കൊമ്പനെ കേരളത്തിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് എറണാകുളം സ്വദേശി നല്കിയ ഹര്‍ജിയില്‍ മദ്രാസ് ഹൈക്കോടതിയുടെ വിമര്‍ശനം. സാഹചര്യം മനസിലാക്കാതെയാണ് ഹര്‍ജിയെന്ന് കോടതി വിമര്‍ശിച്ചു. അടിയന്തരമായി കേസ് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്കിയ എറണാകുളം സ്വദേശി റബേക്ക ജോസഫിനാണ് മദ്രാസ് ഹൈക്കോടതിയുടെ വിമര്‍ശനം.
പൊതുതാത്പര്യമല്ല, പബ്ലിസിറ്റിക്കായുള്ള താത്പര്യം. സാഹചര്യം മനസിലാക്കാതെയാണ് ആവശ്യമെന്നും കോടതി വിമര്‍ശിച്ചു. അരിക്കൊമ്പനെ തിരുനെല്‍വേലിയില്‍ തുറന്നുവിടരുതെന്നും കേരളത്തിന് കൈമാറണമെന്നുമാണ് ഹര്‍ജിയില്‍ ഉന്നയിച്ചിരുന്നത്. എന്നാല്‍ തങ്ങള്‍ സാങ്കേതിക വിദഗ്ധരല്ല, ഹര്‍ജി ഫോറസ്റ്റ് ബെഞ്ച് കേള്ക്കെട്ടെയെന്ന് കോടതി പറഞ്ഞു.
അതേസമയം,അരിക്കൊമ്പനെ തമിഴ്നാട് സര്‍ക്കാര്‍ തിരുനെല്‍വേലി മുണ്ടന്‍തുറൈ കടുവാ സങ്കേതത്തില്‍ തുറന്നുവിട്ടു. ആനയുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് കണ്ടതിനെ തുടര്‍ന്നാണ് തുറന്നുവിട്ടതെന്നും വനം വകുപ്പ് അറിയിച്ചു.
ആനയുടെ തുമ്പിക്കൈയിലും കാലിനുമേറ്റ പരിക്കിന് ചികിത്സ നല്കിയ ശേഷമാണ് അരിക്കൊമ്പനെ കാട്ടില്‍ തുറന്നു വിട്ടതെന്ന് ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. നിലവില്‍ അരിക്കൊമ്പന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ആനയെ നിരീക്ഷിച്ചു വരികയാണെന്നും തമിഴ്നാട് വനംവകുപ്പ് വ്യക്തമാക്കി.
റബേക്ക നല്കിയ ഹര്‍ജിയില്‍ ആനയെ തിരികെ ചിന്നക്കനാലില്‍ വിട്ടണമെന്ന ആവശ്യമാണ് ഉന്നയിച്ചത്. 35 വയസ്സുള്ള ആന അതിന്റെ സ്വാഭാവിക പരിസ്ഥിതിയില്‍ ജീവിക്കണമെന്നും അതിന് അനുയോജ്യം ചിന്നക്കനാലാണെന്നും ഹര്‍ജിയില്‍ ഉണ്ടായിരുന്നു. എന്നാല്‍ മയക്കുവെടി വച്ച ആന മയക്കത്തില്‍ നിന്നും ഉണര്‍ന്ന് തുടങ്ങിയെന്നും ഇനി അധികനേരം ആനയെ കസ്റ്റഡിയില്‍ വയ്ക്കാന്‍ സാധിക്കില്ലെന്നും ഉള്‍വനത്തില്‍ ആനയെ തുറന്നു വിടണമെന്നും തമിഴ്നാട് വനംവകുപ്പ് കോടതിയില്‍ വ്യക്തമാക്കി.