നടന് കൊല്ലം സുധി സഞ്ചരിച്ച കാറും പിക്കപ്പും നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുകയായിരുന്നെന്ന് ദൃക്സാക്ഷി സുനില്‍. പുലര്‍ച്ചെ 4.20 ഓടെയാണ് അപകടമുണ്ടായതെന്നും സുനില്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇടിയുടെ ശബ്ദം കേട്ടാണ് ഓടിയെത്തിയത്. സുധി മുന്നിലെ സീറ്റിലാണ് അപകട സമയത്ത് ഇരുന്നിരുന്നതെന്നും സുനില്‍ പറഞ്ഞു. രക്തത്തില്‍ കുളിച്ചിരുന്നു.
ഡ്രൈവറെ പുറത്തിറക്കി കസേരയിലിരുത്തി. എയര്‍ബാഗ് മുറിച്ചാണ് പുറത്ത് എത്തിച്ചത്. അപ്പോഴേക്കും കുറേപേര്‍ ഓടിയെത്തി. കാറിലുണ്ടായിരുന്നവരെ മൂന്ന് ആംബുലന്‍സിലാക്കി ആശുപത്രിയിലേക്ക് വിടുകയായിരുന്നനെന്നും സുനില്‍ പറഞ്ഞു.
കൊടുങ്ങല്ലൂര്‍ എആര്‍ ആശുപത്രിയിലാണ് ഇവരെ ആദ്യം പ്രവേശിപ്പിച്ചത്. ജീവനോടെ ആശുപത്രിയിലെത്തിച്ചെങ്കിലും സുധിക്ക് പ്രാഥമിക ചികിത്സ നല്‍കുന്നതിനിടെ ഹൃദയസ്തംഭനം ഉണ്ടായാണ് മരണം സംഭവിക്കുന്നതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
അവിടെ എത്തുമ്പോഴും മരിച്ച സുധി സംസാരിച്ചിരുന്നു. നെഞ്ചില്‍ ഒരു ഭാരം തോന്നുന്നുവെന്ന് സുധി പറഞ്ഞിരുന്നതായും ആശുപത്രിയില്‍ ഉണ്ടായിരുന്നവര്‍ പറഞ്ഞു.
തൃശൂരില്‍ കയ്പമംഗലത്ത് വെച്ചാണ് പുലര്‍ച്ചെ അപകടമുണ്ടായത്. കോഴിക്കോട് വടകരയിലെ പരിപാടി കഴിഞ്ഞ് മടങ്ങവെയാണ് പുലര്‍ച്ചയോടെ അപകടമുണ്ടായത്. അപകടത്തില്‍ ഹാസ്യകലാകാരനായ ബിനു അടിമാലി, മഹേഷ്, ഡ്രൈവര്‍ ഉല്ലാസ് അരൂര്‍ എന്നിവര്‍ക്കും പരിക്കേറ്റു.