കര്‍ണാടകയിലെ ബിജെപി സര്‍ക്കാര്‍ കൊണ്ടു വന്ന ഗോവധ നിരോധന നിയമ ഭേദഗതി നീക്കാനൊരുങ്ങി പുതുതായി അധികാരത്തിലേറിയ കോണ്‍ഗ്രസ് സര്‍ക്കാര്‍. ഗോവധ നിരോധന നിയമ ഭേദഗതിയില്‍ ചര്‍ച്ചകള്‍ നടത്തുമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ വെങ്കിടേഷ് പറഞ്ഞു.
2020ലെ ഗോവധ നിരോധന നിയമം നടപ്പാക്കാനുള്ള മുന്‍ സര്‍ക്കാരിന്റെ നടപടിയെ കോണ്‍ഗ്രസ് എതിര്‍ത്തിരുന്നു. 13 വയസിന് മേലെയുള്ള പോത്തിനെ കൊല്ലാന്‍ മുന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട് അതുകൊണ്ട് തന്നെ പശുവിനെ കൊല്ലുന്നതില്‍ എന്താണ് പ്രശ്നമെന്നും അദ്ദേഹം ചോദിച്ചു.
കര്‍ഷകര്‍ ചത്ത പശുക്കളെ കുഴിച്ചിടാന്‍ പോലും ബുദ്ധിമുട്ടുകയാണെന്നും മന്ത്രി പറഞ്ഞു. കര്‍ഷകരുടെ താത്പര്യം മുന്‍നിര്‍ത്തിയാണ് നീക്കമെന്നും അദ്ദേഹം പറഞ്ഞു. മൈസൂരുവില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് ഭേദഗതി പിന്‍വലിക്കുന്നത് സംബന്ധിച്ച് മന്ത്രി സൂചന നല്‍കിയത്.
1964ലെ നിയമം ഭേദഗതി ചെയ്താണ് 2010ലും 2012ലും ബിഎസ് യെദിയൂരപ്പയുടെ കീഴിലുള്ള ബിജെപി സര്‍ക്കാര്‍ രണ്ട് ബില്ലുകള്‍ അവതരിപ്പിച്ചത്. 2014ല്‍ അധികാരത്തിലേറിയ സിദ്ധരാമയ്യ സര്‍ക്കാര്‍ ഈ നിയമം എടുത്ത് കളഞ്ഞു.
യെദിയൂരപ്പ ഭേദഗതി ചെയ്ത നിയമത്തില്‍ കാളകളെയും പോത്തിനെയും അറവുശാലകളില്‍ കൊല്ലാമായിരുന്നു. പശുക്കളെയോ 13 വയസിന് താഴെയുള്ള കാളകളെയോ പോത്തിനെയോ കൊല്ലുന്നതിനാണ് വിലക്കുള്ളത്.
2021 ഫെബ്രുവരിയില്‍ പ്രതിപക്ഷ പ്രതിഷേധത്തിനിടെയാണ് ബിജെപി, സര്‍ക്കാര്‍ കര്‍ണാടക ഗോവധ നിരോധന, കന്നുകാലി സംരക്ഷണ (ഭേദഗതി) ബില്‍ 2020 നിയമസഭയില്‍ ശബ്ദവോട്ടോടെ പാസാക്കുന്നത്. ഭേദഗതി ചെയ്ത ബില്ലില്‍ കന്നുകാലികളെ കൊല്ലുന്നതിനുള്ള പ്രായ പരിധി ഉയര്‍ത്തുകയും, നിയമപ്രകാരമല്ലാതെ കന്നുകാലികളെ കൊന്നാലുള്ള ശിക്ഷ വര്‍ധിപ്പിക്കുകയും ചെയ്തു.
അനധികൃത കന്നുകാലി വധം ശ്രദ്ധയില്‍പ്പെട്ടാല്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിശോധന നടത്താനും പിടികൂടാനോ ഉള്ള അധികാരവും 2020ലെ ബില്ലില്‍ നല്‍കിയിട്ടുണ്ട്. പിടിക്കപ്പെട്ടാല്‍ മൂന്ന് വര്‍ഷം മുതല്‍ ഏഴ് വര്‍ഷം വരെ തടവും 50,000 രൂപ മുതല്‍ അഞ്ച് ലക്ഷം രൂപവരെ പിഴയും അടക്കേണ്ടി വരുമെന്നും ബില്ലില്‍ ഉണ്ട്.