സംവിധായകനും ബിജെപി സംസ്ഥാന സമിതിയംഗവുമായ രാജസേനൻ സിപിഎമ്മിൽ ചേരും. സിപിഎം ആസ്ഥാനമായ എകെജി സെന്ററിലെത്തി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെ കണ്ട ശേഷമാണ് സിപിഎമ്മിലേക്ക് മാറുന്ന കാര്യം രാജസേനൻ അറിയിച്ചത്. ബിജെപി സംസ്ഥാന നേതൃത്വത്തിൽ നിന്നുണ്ടായ അവഗണനയാണ് പാർട്ടി മാറ്റത്തിന് കാരണമെന്ന് രാജസേനൻ പറഞ്ഞു. 2016 നിയമസഭാ തെരഞ്ഞെടുപ്പിൽ അരുവിക്കരയിൽ മത്സരിച്ച രാജസേനൻ 20,294 വോട്ടുകൾ നേടിയിരുന്നു.
രാജസേനൻ്റെ വാക്കുകൾ –
കലാകാരനെന്ന നിലയിലും ബിജെപി പ്രവർത്തകനെന്ന നിലയിലും താങ്ങാൻ പറ്റാത്ത അവഗണനയാണ് ബിജെപിയിൽ നിന്നും നേരിട്ടത്. കോടാമ്പക്കത്ത് ഒരുപാട് കഷ്ടപ്പെട്ടാണ് ഞാനൊക്കെ സിനിമയിലേക്ക് എത്തിയത്. ഒരു ഡാൻസ് മാസ്ററ്ററുടെ മകനാണ് ഞാൻ. കോടാമ്പാക്കത്ത് പട്ടിണി കിടന്ന് സിനിമ പഠിച്ച് ജീവിതം സിനിമയ്ക്കായി സമർപ്പിച്ച ആളാണ്. മുന്നോട്ടുള്ള ഒരു പ്രവർത്തനവും സ്മൂത്തായിട്ടില്ല പോകുന്നത്.
ആശയപരമായി ബിജെപിയോട് വിയോജിപ്പ് തോന്നിയിട്ട് കുറച്ചധികം കാലമായി. എന്നിട്ടും അച്ചടക്കമുള്ള പ്രവർത്തകനായി തുടർന്നു. എന്നിട്ടും വിയോജിപ്പും വിമർശനങ്ങളും പലയിടത്തും പറഞ്ഞിട്ടുണ്ട്. ഞാനൊരു പിരപ്പൻകോടുകാരനാണ്, ആ നാടൊരു കമ്മ്യൂണിസ്റ്റ് കോട്ടയാണ്. എൻ്റെ സഹോദരനും സഹോദരിയും പോലും പാർട്ടിക്കാരാണ്. ആദ്യം ഞാൻ മനസ്സിലാക്കിയ ആശയവും കമ്മ്യൂണിസമാണ്. അങ്ങനെയൊരു കുടുംബത്തിൽ നിന്നാണ് ബിജെപിയിലേക്ക് വന്നത്. മോദിജിയുടെ വ്യക്തിപ്രഭാവവും രാജ്യത്തിൻ്റെ ഉയർച്ചയും കണ്ടിഷ്ടപ്പെട്ടാണ് ബിജെപിയിലേക്ക് വന്നത്.