ദില്ലി: അപ്രതീക്ഷിത നീക്കത്തിലൂടെ കേന്ദ്ര നിയമമന്ത്രി കിരൺ റിജിജുവിനെ മാറ്റി. അർജുൻ റാം മേഘ്വാൾ ആണ് പുതിയ നിയമമന്ത്രി. നിലവിൽ പാർലമെൻ്ററി കാര്യം – സാംസ്കാരിക വകുപ്പുകളിൽ സഹമന്ത്രിയായിരുന്ന അർജുൻ റാം മേഘ്വാളിന് നിയമമന്ത്രാലയത്തിൻ്റെ സ്വതന്ത്ര ചുമതലയാണ് നൽകിയിരിക്കുന്നത്. രാജസ്ഥാനിൽ നിന്നുള്ള ബിജെപി നേതാവാണ് അർജുൻ റാം മേഘ്വാൾ. ഈ വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ രാജസ്ഥാനുമുണ്ട്. ക്യാബിനറ്റ് റാങ്കിലുള്ള കിരൺ റിജിജുവിനെ ഭൗമശാസ്ത്ര മന്ത്രാലയത്തിലേക്കാണ് ഇപ്പോൾ മാറ്റിയിരിക്കുന്നത്.
സുപ്രീംകോടതി കൊളീജിയവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പല കടുത്ത പരാമർശങ്ങളും കേന്ദ്ര നിയമമന്ത്രിയായ കിരൺ റിജിജുവിൽ നിന്നുമുണ്ടായിരുന്നു. മന്ത്രിസഭാ പുനസംഘടനയൊന്നുമില്ലാത കിരൺ റിജിജുവിനെ മാത്രമായി ഇപ്പോൾ മാറ്റിയത് അദ്ദേഹവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്കുള്ള അതൃപ്തി കാരണമാണ് എന്ന അഭ്യൂഹം ഇപ്പോൾ ശക്തമായിട്ടുണ്ട്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നും സമീപകാലത്ത് ബിജെപിയിൽ ഉയർന്നുവന്ന ഏറ്റവും പ്രമുഖനായ നേതാവായിരുന്നു കിരൺ റിജിജു. നേരത്തെ അഭ്യന്തര സഹമന്ത്രിയായിരുന്ന അദ്ദേഹം രണ്ടാം മോദി സർക്കാരിൽ രവിശങ്കർ പ്രസാദിന് പകരക്കാരനായാണ് നിയമമന്ത്രിയായി ചുമതലയേറ്റത്.
കൊളീജിയം നിയമനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിക്കും ജഡ്ജിമാർക്കുമെതിരെ കിരൺ റിജിജു നടത്തിയ പല പരാമർശങ്ങളും വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു. കിരണിൻ്റെ പ്രസ്താവനകൾക്കെതിരെ പല ജഡ്ജിമാരും പ്രത്യക്ഷമായും പരോക്ഷമായും അതൃപ്തി തുറന്നു പ്രകടിപ്പിച്ചിരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള നേരിട്ടുള്ള തീരുമാനമാണ് റിജിജുവിൻ്റെ സ്ഥാനചലനം എന്നാണ് സൂചന. കൊളീജിയം വിവാദം തന്നെയാണോ അതോ മറ്റെന്തെങ്കിലും വിവാദമാണോ കിരൺ റിജിജുവിൻ്റെ സ്ഥാനചലനത്തിന് കാരണമെന്ന് വ്യക്തമാവാനുണ്ട്.