കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയ്ക്കായി എത്തിച്ച രോഗി ഡോക്ടറെ മര്‍ദ്ദിച്ചെന്ന് പരാതി. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ ഇര്ഫാന് ഖാനാണ് ആക്രമണമുണ്ടായത്.
അപകടത്തില്‍ പരിക്കേറ്റ് എത്തിയ യുവാവാണ് ഡോക്ടറെ ആക്രമിച്ചത്. സംഭവത്തില്‍ വട്ടക്കുന്ന് സ്വദേശി ഡോയലിനെ പൊലീസ് അറസ്റ്റ് ചെയ്തു.
പ്രകോപനമില്ലാതെയാണ് രോഗി ആക്രമിച്ചത് എന്ന് ഡോക്ടര്‍ പറഞ്ഞു. ആശുപത്രിയിലെ പൊലീസ് എയിഡ് പോസ്റ്റ് എത്തിയത് ഉപകാരമായി. തന്നെയും അവിടെ ഉണ്ടായിരുന്നവരെയും ഇയാള്‍ മോശം ഭാഷയില്‍ സംസാരിക്കുകയും തന്നെ മര്‍ദ്ദിക്കുകയും ചെയ്തു. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ആംബുലന്‍സ് ഡ്രൈവര്‍ പുറകില്‍ നിന്ന് പിടിച്ചാണ് ആക്രമണത്തില്‍ നിന്ന് തടഞ്ഞത്. മേലധികാരികള്‍ക്കും പൊലീസിനും പരാതി നല്‍കിയിട്ടുണ്ടെന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു.
മദ്യലഹരിയിലായിരുന്ന ഡോയല്‍ അപകടത്തില്‍പ്പെടുകയും തുടര്‍ന്ന് ബന്ധുക്കള്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ആശുപത്രിയില്‍ എത്തിച്ചതുമുതല്‍ അസ്വാഭാവികമായ നിലയിലായിരുന്നു ഡോയലിന്റെ പെരുമാറ്റം. ജീവനക്കാരനോട് തട്ടിക്കയറിയ ഇയാള്‍ സെക്യൂരിറ്റി ജീവനക്കാരനെ തട്ടിമാറ്റി ഡോക്ടറുടെ മുഖത്തടിക്കുകയായിരുന്നു.
അതിന് ശേഷം പ്രതി ആശുപത്രിയില്‍ ബഹളം വെച്ചു. ഇതോടെ ആശുപത്രി ജീവനക്കാര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസ് എത്തി പ്രതിയെ കസ്റ്റഡിയില്‍ എടുത്തു.