ദുബായ്: വിനോദസഞ്ചാരികൾക്ക് 24 മണിക്കൂറും കടലിൽ നീന്തിക്കുളിക്കാൻ അവസരമൊരുക്കി ദുബായ്. ഇതിനായി 24 മണിക്കൂറും പ്രവേശനമനുവദിക്കുന്ന 3 ബീച്ചുകളാണ് തുറന്നത്. ജുമൈറ 2, ജുമൈറ 3, ഉമ്മു സുഖൈം 1 എന്നീ ബീച്ചുകളാണ് 24 മണിക്കൂറും നീന്തൽ അനുവദിക്കുക. 800 മീറ്റർ നീന്താനുള്ള സൗകര്യമാണ് ബീച്ചിൽ ഒരുക്കിയിരിക്കുന്നത്.
സമയപരിധി അവസാനിക്കുമ്പോൾ വിസിൽ മുഴക്കാനായി ഇവിടെ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. എന്നാൽ സഞ്ചാരികളുടെ സുരക്ഷ ശക്തമാക്കാൻ സദാസമയവും ലൈഫ് ഗാർഡുകൾ ഇവിടെയുണ്ടാവും. സുരക്ഷാ മുന്നറിയിപ്പ് നൽകാനുള്ള സ്ക്രീനുകൾ ബീച്ചിൽ സജ്ജീകരിച്ചിട്ടുണ്ട്. ഏറ്റവും മികച്ച നിലവാരം പുലർത്തുന്ന ജീവൻ രക്ഷാ ഉപകരണങ്ങളാണ് ബീച്ചിൽ ലഭ്യമാക്കിയിരിക്കുന്നത്.
ആഴമേറിയ ഭാഗങ്ങളിലേക്ക് പോകുന്നത് ഒഴിവാക്കി അനുവദനീയമായ പരിധിയിൽ നീന്തണമെന്ന് സഞ്ചാരികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ബീച്ചിലെത്തുന്നവർ കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കണമെന്നും ബീച്ചുകൾ വൃത്തിയായി സൂക്ഷിക്കണമെന്നും അധികൃതർ നിർദേശിച്ചു. 24 മണിക്കൂറും ബീച്ചുകൾ തുറന്നിരിക്കുന്നത് ദുബായ് ടൂറിസം മേഖലയ്ക്ക് പുത്തൻ ഉണർവ് നൽകുമെന്നാണ് പ്രതീക്ഷ