ഫിലിപ്പിനോകൾക്കുള്ള എല്ലാ തൊഴിൽ, എൻട്രി വിസകളും കുവൈറ്റ് താൽക്കാലികമായി നിർത്തിവച്ചു
കുവൈറ്റ് സിറ്റി: നേരത്തെ ഉണ്ടാക്കിയ തൊഴിൽ ഉടമ്പടി പാലിക്കുന്നതിൽ ഫിലിപ്പീൻസ് പരാജയപ്പെട്ടതിന് പിന്നാലെ ഫിലിപ്പിനോകൾക്കുള്ള തൊഴിൽ, പ്രവേശന വിസകൾ നൽകുന്നത് കുവൈറ്റ് നിർത്തി വച്ചു.
ഫിലിപ്പിനോ തൊഴിലാളികൾക്കുള്ള എല്ലാ എൻട്രി, ലേബർ വിസകളും നൽകുന്നത് നിർത്തിവെച്ച് കുവൈറ്റിന്റെ പ്രഥമ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ തലാൽ അൽ ഖാലിദ് ആണ് സർക്കുലർ പുറപ്പെടുവിച്ചത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള തൊഴിൽ കരാറിലെ വ്യവസ്ഥകൾ ഫിലിപ്പീൻസ് പാലിക്കാത്തതിനെ തുടർന്നാണ് നടപടിയെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് കുവൈറ്റ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
നയതന്ത്ര കരാറുകൾ ഒപ്പിടാൻ ഫിലിപ്പീൻസ് തയ്യാറാവുന്ന മുറയ്ക്ക് കുവൈറ്റ് ഫിലിപ്പിനോകൾക്ക് വിസ അനുവദിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.
162,041 വീട്ടുജോലിക്കാർ ഉൾപ്പെടെ ഏകദേശം 2,25,625 ഫിലിപ്പിനോകൾ കുവൈറ്റിൽ ജോലി ചെയ്യുന്നുവെന്നാണ് കണക്കുകൾ. ഔദ്യോഗിക കണക്കുകൾ പ്രകാരം കുവൈറ്റിലെ പ്രധാന ഏറ്റവും മികച്ച കുടിയേറ്റ തൊഴിലാളി വിഭാഗം കൂടിയാണ് ഇവർ.
നേരത്തെയും ഇരുരാജ്യങ്ങളും തമ്മിൽ തൊഴിൽ കരാർ സംബന്ധിച്ചു തർക്കങ്ങൾ നിലനിന്നിരുന്നു. 2018 മെയ് മാസത്തിൽ, കുവൈത്തും ഫിലിപ്പൈൻസും തൊഴിൽ ചട്ടങ്ങൾ സംബന്ധിച്ച ഒരു കരാറിൽ ഒപ്പുവച്ചതോടെയാണ് പ്രതിസന്ധി തീർന്നത്.
ഈ വർഷം ആദ്യം കുവൈറ്റിൽ വീട്ടുജോലിക്കാരിയായ 35 കാരി ഫിലിപ്പിനോ യുവതിയെ സ്വദേശിയായ കൗമാരക്കാരൻ കൊലപ്പെടുത്തിയ സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെ കുവൈറ്റിലെ വീട്ടുജോലിക്കാരുടെ റിക്രൂട്ട്മെന്റ് ഫിലിപ്പീൻസ് താൽക്കാലികമായി നിർത്തിവയ്ക്കുകയും ചെയ്തു.