തിരുവനന്തപുരം: ഡോ.വന്ദന കൊലക്കേസ് പ്രതി സന്ദീപ് പൂജപ്പുര സെൻട്രൽ ജയിലിലെ പ്രത്യേക സുരക്ഷാ സെല്ലിൽ നിരീക്ഷണത്തിൽ തുടരുന്നു. ഇന്നലെ വൈകിട്ട് പൂജപ്പുരയിൽ എത്തിച്ച സന്ദീപിനെ ഇന്ന് രാവിലെ എട്ട് മണിയോടെ ഡോക്ടർ എത്തി പരിശോധിച്ചു.
സെല്ലിലെത്തിയ സന്ദീപ് ഉദ്യോഗസ്ഥരോട് മദ്യം ആവശ്യപ്പെട്ടതായാണ് വിവരം. രാത്രിയിൽ വളരെ കുറച്ചു സമയം മാത്രമാണ് ഇയാൾ ഉറങ്ങിയത്. തന്നെ ആരോ കൊല്ലാൻ വരുന്നുവെന്ന രീതിയിൽ ഇയാൾ പലവട്ടം നിലവിളിക്കുകയും ബഹളം വയ്ക്കുകയും ചെയ്തു. തൻ്റെ വിദ്യാഭ്യാസത്തെക്കുറിച്ചും ജോലിയെക്കുറിച്ചും ഇയാൾ വിശദമായി ജയിൽ ഉദ്യോഗസ്ഥരോട് പറഞ്ഞു. അതേസമയം ഡോ.വന്ദനയെ കൊന്ന കാര്യത്തെക്കുറിച്ച് ചോദിക്കുമ്പോൾ മറ്റു പല കാര്യങ്ങളുമാണ് സന്ദീപ് പറഞ്ഞതെന്നാണ് പൂജപ്പുര ജയിലിലെ ഉദ്യോഗസ്ഥർ പറയുന്നത്.
ഇന്നലെ അറസ്റ്റിലായ സന്ദീപിനെ കോടതിയിൽ ഹാജരാക്കിയ ശേഷമാണ് പൂജപ്പുര ജയിലിലേക്ക് റിമാൻഡ് ചെയ്തത്. ഇന്നലെ ഇയാളെ പരിശോധിക്കാൻ സർക്കാർ ഡോക്ടർമാർ ആരും തയ്യാറായിരുന്നില്ല. ഇന്ന് രാവിലെയോടെ ഒരു ഡോക്ടർ ജയിലിലെ സെല്ലിലെത്തി സന്ദീപിനെ പരിശോധിച്ചു. ഈ സമയ്തും ഇയാൾ പരസ്പര വിരുദ്ധമായി സംസാരിച്ചെന്നാണ് വിവരം. സന്ദീപിൻ്റെ രണ്ട് കാലിനും ബാൻഡ് എയ്ഡ് ഇട്ടിട്ടുണ്ട്. ഇടത്തേ കണ്ണ് അടിയേറ്റ വീങ്ങിയ നിലയിലുമാണ്. തൊഴിച്ചു നിർത്തിയാൽ ഇയാൾക്ക് മറ്റു ആരോഗ്യപ്രശ്നങ്ങളൊന്നുമില്ല.
സന്ദീപിനെ ജയിൽ അധികൃതർ സൂഷ്മമായി നിരീക്ഷിച്ചു വരികയാണ്. ലഹരിക്ക് അടിമയായ സന്ദീപ് മനോനില നഷ്ടപ്പെട്ട് ഇങ്ങനെ ആയതാവാം എന്നാണ് ജയിൽ വകുപ്പ് ഉദ്യോഗസ്ഥർ കരുതുന്നു. അതല്ല ഇയാൾ മനോനില തെറ്റിയതായി അഭിനയിക്കുകയാണോ എന്നും അവർക്ക് സംശയമുണ്ട്. അടുത്ത ദിവസങ്ങളിൽ കൂടി ഇയാളെ നിരീക്ഷിച്ച ശേഷം ആവശ്യമെങ്കിൽ മാനിസകാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റാൻ ആണ് നിലവിലെ ആലോചന.