ദുരന്ത നിവാരണ വിദഗ്ധന്‍ മുരളി തുമ്മാരുക്കുടിയുടെ ഫേസ്ബുക്ക് പോസ്റ്റ് വീണ്ടും ചര്‍ച്ചയാകുന്നു. കൊട്ടാരക്കരയില്‍ വൈദ്യ പരിശോധനയ്ക്കെത്തിച്ച പ്രതി ഡോക്ടറെ ആക്രമിച്ച് കൊലപ്പെടുത്തിയതിന് പിന്നാലെയാണ് മുരളി തുമ്മാരുക്കുടി ഏപ്രില്‍ ഒന്നിന് ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റ് ചര്‍ച്ചയാകുന്നത്.
കേരളത്തില്‍ രോഗികളുടെയോ ബന്ധുക്കളുടെയോ ആക്രമണത്തിന് ഇരയാകുന്നത് മാസത്തില്‍ അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ എന്ന കണക്കിനാണ്. കേരളത്തില്‍ ഇതുവരെ ഒരുമരണം അത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. എന്നാല്‍ അത് സംഭവിക്കുമെന്നത് നിശ്ചയമാണ് എന്നുമാണ് തുമ്മാരുക്കുടിയുടെ പോസ്റ്റ്. ബോട്ട് അപകടവുമായി ബന്ധപ്പെട്ട് നേരത്തെ മുരളി തുമ്മാരുകുടി ഫേസ്ബുക്കില്‍ പങ്കുവെച്ച അതേ പോസ്റ്റിലാണ് ഈ പ്രവചനവും.
‘ഒരുദാഹരണം പറയാം. മാസത്തില്‍ അഞ്ച് ആരോഗ്യ പ്രവര്‍ത്തകരാണ് കേരളത്തില്‍ രോഗികളുടെയോ ബന്ധുക്കളുടെയോ അക്രമത്തിന് ഇരയാകുന്നത്. ഭാഗ്യവശാല്‍ ഇതുവരെ ഇത്തരത്തില്‍ ഒരു മരണം ഉണ്ടായിട്ടില്ല. അത് ഭാഗ്യം മാത്രമാണ്. അത്തരത്തില്‍ ഒരു മരണം ഉണ്ടാകും, നിശ്ചയമാണ്.
ഇപ്പോള്‍, ‘ചില ഡോക്ടര്‍മാര്‍ അടി ചോദിച്ചു വാങ്ങുകയാണ്’ എന്നൊക്കെ പറയുന്നവര്‍ അന്ന് മൊത്തമായി കളം മാറും. സമൂഹത്തില്‍ വലിയ എതിര്‍പ്പ് ഉണ്ടാകും, മാധ്യമങ്ങള്‍ ചര്‍ച്ച നടത്തും, മന്ത്രിമാര്‍ പ്രസ്താവിക്കും, കോടതി ഇടപെടും, പുതിയ നിയമങ്ങള്‍ ഉണ്ടാകും. ആരോഗ്യപ്രവര്‍ത്തകരുടെ നേരെയുള്ള അക്രമങ്ങള്‍ കുറച്ചു നാളത്തേക്കെങ്കിലും കുറയും.
അപ്പോഴേക്കും ഒരാളുടെ ജീവന് പോയിരിക്കും എന്ന് മാത്രം,’ എന്നാണ് പോസ്റ്റില്‍ പറയുന്നത്.
കൊട്ടാരക്കരയില്‍ വനിതാ ഡോക്ടര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഏപ്രില്‍ ഒന്നിന് ഫേസ്ബുക്കിലിട്ട പോസ്റ്റ് വീണ്ടും ചര്‍ച്ചയാകുന്നത്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്കെത്തിച്ച പ്രതിയാണ് യുവ ഡോക്ടറെ കുത്തി പരിക്കേല്‍പ്പിച്ചത്. താലൂക്ക് ആശുപത്രിയിലെ ഹൗസ് സര്‍ജനാണ് കൊല്ലപ്പെട്ട വന്ദന ദാസ്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. കോട്ടയം സ്വദേശിയാണ് ഡോ. വന്ദന.
ബുധനാഴ്ച പുലര്‍ച്ചെ നാലരയോടെയാണ് സംഭവം. പൂയപ്പള്ളി ചെറുകരക്കോണം സ്വദേശി സന്ദീപാണ് ആക്രമിച്ചത്. ആശുപത്രിയിലെ കത്രിക ഉപയോഗിച്ചാണ് ഇയാള്‍ ഡോക്ടറെ കുത്തിയത്.
പൂയപ്പള്ളിയിലെ അടിപിടി കേസിലാണ് പൊലീസ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. പ്രതിയെ ആശുപത്രിയില്‍ എത്തിച്ച് മുറിവ് തുന്നിക്കെട്ടുന്നതിനിടെയായിരുന്നു ആക്രമണം. ചികിത്സയ്ക്കിടെ കത്രിക കൈക്കലാക്കിയ ഇയാള്‍ ഡോക്ടറുടെ കഴുത്തിലും തലയ്ക്കും മുഖത്തും കുത്തുകയായിരുന്നു. പൊലീസുകാരുടെ സാന്നിധ്യത്തിലാണ് പ്രതി ഡോക്ടറെ ആക്രമിച്ചത്. പ്രതി യു.പി സ്കൂള്‍ അധ്യാപകനാണ്. ഇയാള്‍ ലഹരിയ്ക്ക് അടിമയാണെന്നും പൊലീസ് പറഞ്ഞു.
മാരകമായി പരിക്കേറ്റ ഡോക്ടറെ പുലര്‍ച്ചെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചതെങ്കിലും ജീവന് രക്ഷിക്കാനായില്ല. യാതൊരു പ്രകോപനവുമില്ലാതെയാണ് പ്രതി ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
പ്രതിയുടെ ആക്രമണത്തില്‍ പൊലീസുകാരുള്‍പ്പെടെ നാല് പേര്‍ക്കും പരിക്കേറ്റിട്ടുണ്ട്. പൊലീസുകാരായ അലക്സ്, ബേബി, മോഹന്‍, മണിലാല്‍, സന്ദീപിന്റെ ബന്ധു ബിനു എന്നിവര്‍ക്കാണ് പരിക്കേറ്റത്.
സംഭവത്തില്‍ പ്രതിഷേധിച്ച് കൊല്ലത്ത് ഡോക്ടര്‍മാര്‍ പൂര്‍ണമായി പണിമുടക്കും. സംസ്ഥാന വ്യാപക പണിമുടക്കിന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷും ആഹ്വാനം ചെയ്തിട്ടുണ്ട്.