പാകിസ്ഥാന് മുന്‍ പ്രധാനമന്ത്രിയും തെഹ്രികെ ഇന്‍സാഫ് പാര്‍ട്ടി അധ്യക്ഷനുമായ ഇമ്രാന് ഖാന് അറസ്റ്റില്‍. ഇസ്ലാമാബാദ് ഹൈക്കോടതിയ്ക്ക് പുറത്തുവെച്ച് അര്‍ധ സൈനിക വിഭാഗമാണ് ഇമ്രാന് ഖാനെ അറസ്റ്റ് ചെയ്തതെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അഴിമതിക്കേസുമായി ബന്ധപ്പെട്ടാണ് ഇമ്രാന് ഖാന്റെ അറസ്റ്റെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. പ്രധാനമന്ത്രിയായിരുന്ന കാലത്ത് വിദേശത്ത് നിന്ന് ലഭിച്ച വിലയേറിയ സമ്മാനങ്ങള്‍ കൂടിയ വിലയ്ക്ക് വില്‍പ്പന നടത്തിയെന്നും ഇതിന്റെ കണക്കുകള്‍ മറച്ചുവെച്ച് നികുതി വെട്ടിച്ചെന്നുമാരോപിച്ച് രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്.
ഈ കേസില്‍ ഇമ്രാന് ഖാനെ അറസ്റ്റ് ചെയ്യാന്‍ നിരവധി തവണ ശ്രമം നടന്നിരുന്നെങ്കിലും അറസ്റ്റ് ചെയ്യാന്‍ സാധിച്ചിരുന്നില്ല. അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചതിന് പിന്നാലെ പൊലീസും ഇമ്രാന് ഖാന്റെ അനുയായികളും തമ്മില്‍ സംഘര്‍ഷമുണ്ടാവുകയും ചെയ്തിരുന്നു.
ഇമ്രാന് ഖാന് പ്രധാനമന്ത്രി പദത്തില്‍ നിന്ന് പുറത്തുപോയതിന് പിന്നാലെ നിരവധി കേസുകള്‍ ഇദ്ദേഹത്തിനെതിരെ രജിസ്റ്റര്‍ ചെയ്തിരുന്നു.
കേസുകളില്‍ ഇമ്രാന് ഖാനോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും അദ്ദേഹം ഹാജരായിരുന്നില്ല. മാര്‍ച്ച് ഏഴിന് കോടതി ഇമ്രാന് ഖാനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഇമ്രാന് കോടതിയിലെത്തിയില്ല. ഇതോടെ ജാമ്യമില്ലാ വാറന്റ് അയച്ചിരുന്നു.