മേഘമല: പെരിയാർ വനത്തിൽ നിന്നും അതിർത്തി കടന്ന് തമിഴ്നാട്ടിലെത്തിയ അരിക്കൊമ്പൻ അവിടെ വിളയാട്ടം തുടങ്ങി. അതിർത്തി ഗ്രാമമായ മേഘമലയിലെത്തിയ അരിക്കൊമ്പൻ ഗ്രാമത്തിലെ കൃഷി നശിപ്പിക്കുകയും വനംവകുപ്പിൻ്റെ വാഹനം തകർക്കുകയും ചെയ്തു. കൊമ്പൻ്റെ ആക്രമണത്തിന് പിന്നാലെ മേഘമലയിൽ തമിഴ്നാട് വനംവകുപ്പ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇവിടേക്ക് വിനോദസഞ്ചരിക്കൾ എത്തുന്നതിനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ രണ്ട് ദിവസമായി അരിക്കൊമ്പൻ മേഘമലയിൽ തമ്പടിച്ചിരിക്കുകയാണ് എന്നാണ് വിവരം. കഴിഞ്ഞ ദിവസം രാത്രിയിലാണ് ആന കൃഷിയിടത്തിൽ ഇറങ്ങി വാഴകൃഷി നശിപ്പിക്കാൻ ശ്രമിച്ചത്. ഇതോടെ വനപാലകർ ആനയെ ബഹളം വച്ചും പടക്കം പൊട്ടിച്ചും ഇവിടെ നിന്നും തുരത്തി. ഇതിൽ പ്രകോപിതനായ അരിക്കൊമ്പൻ വനപാലകരുടെ വാഹനം തകർക്കുകയായിരുന്നു. ഒടുവിൽ നാട്ടുകാരും വനപാലകരും ചേർന്ന് അരിക്കൊമ്പനെ കാട്ടിലേക്ക് തന്നെ തുരത്തിയോടിച്ചു. ആന ഇപ്പോഴും തമിഴ്നാട്ടിലെ വനമേഖലയിൽ തന്നെയാണുള്ളതെന്നാണ് വിവരം.
പെരിയാർ കടുവ സങ്കേതത്തിൻ്റെ ഡെപ്യൂട്ടി ഡയറക്ടർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ ഇന്ന് മേഘമലയിൽ എത്തുന്നുണ്ട്. ആനയെ പെരിയാർ വന്യജീവി കേന്ദ്രത്തിലേക്ക് തന്നെ തിരികെ കൊണ്ടു വരാനുള്ള ശ്രമത്തിലാണ് ഇപ്പോൾ ഉദ്യോഗസ്ഥർ. അരിക്കൊമ്പനെ തുരത്താനായി 120 പേരുടെ സംഘത്തെ തമിഴ്നാട് നിയമിച്ചെന്നാണ് വിവരം.
അതേസമയം റേഡിയോ കോളർ ധരിപ്പിച്ചിച്ചു വിട്ടിട്ടും ആനയെ കൃത്യമായി ട്രാക്ക് ചെയ്യാൻ പറ്റാത്തത് കേരള വനംവകുപ്പിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. അരിക്കൊമ്പൻ തമിഴഅനാട്ടിലെ ജനവാസമേഖലയിൽ കറങ്ങി നടന്നിട്ടും കൃത്യമായ വിവരം തമിഴ്നാട് വനംവകുപ്പിന് നൽകാൻ സാധിച്ചില്ല. ചില സമയത്ത് സിഗ്നലുകൾ ലഭിക്കാത്തതാണ് പ്രശ്നത്തിന് കാരണമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്.