കൊച്ചി: ഇന്ന് റിലീസായ വിവാദചിത്രം ദി കേരള സ്റ്റോറി പ്രദർശിപ്പിക്കുന്നതിൽ നിന്നും സംസ്ഥാനത്തെ തീയേറ്ററുകൾ പലതും പിന്മാറി. കേരളത്തിൽ അൻപതോളം തീയേറ്ററുകളിൽ ചിത്രം പ്രദർശിപ്പിക്കാൻ വിതരണക്കാർ തീയേറ്റർ ഉടമകളുമായി ധാരണയിലെത്തിയിരുന്നു.
എന്നാൽ റിലീസിൻ്റെ തൊട്ടുതലേന്ന് പലരും കരാറിൽ നിന്നും പിന്മാറിയെന്നാണ് വിവരം. ഇന്ന് രാവിലെയുള്ള കണക്ക് അനുസരിച്ച് സംസ്ഥാനത്ത് 17 സ്ക്രീനുകളിൽ മാത്രമാണ് സിനിമ പ്രദർശനത്തിന് എത്തുന്നത്. ഇതിൽ എത്ര തീയേറ്ററുകളിൽ ഷോയുണ്ടാവും എന്ന കാര്യത്തിൽ ഇപ്പോഴും അനിശ്ചിതത്വം നിലനിൽക്കുകയാണ്.
ദി കേരള സ്റ്റോറി സിനിമയ്ക്കെതിരെ കേരളത്തിലെ പ്രധാന പാർട്ടികളെല്ലാം ഇതിനോടകം രംഗത്ത് വന്നു കഴിഞ്ഞു. കേരളത്തെ താറടിച്ച് കാണിക്കാനുള്ള സംഘപരിവാർ അജൻഡയാണ് ചിത്രമെന്ന് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിൽ ചിത്രം പ്രദർശിപ്പിച്ചാൽ തീയേറ്ററുകൾക്ക് നേരെ ആക്രമണമുണ്ടാകുമെന്ന ഭയവും രാഷ്ട്രീയ പാർട്ടികളിൽ നിന്നുള്ള സമ്മർദ്ദവുമാണ് തീയേറ്ററുടമകളെ ആശങ്കയിലാഴ്ത്തുന്നത്. ബംഗാളി സംവിധായകൻ സുദീപ്തോ സെൻ രചനയും സംവിധാനവും നിർവഹിച്ച ദി കേരള സ്റ്റോറിയിൽ ആദാ ശർമയാണ് നായികയായി എത്തുന്നത്.