കോട്ടയം: കോട്ടയം കോതനല്ലൂരിൽ മുൻസുഹൃത്ത് നടത്തിയ സൈബർ അധിക്ഷേപത്തിൽ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ വൈകാരിക കുറിപ്പുമായി സഹോദരീ ഭർത്താവായ ആശിഷ് ദാസ് ഐഎഎസ്. ആതിരയുടേത് കേവലം ആത്മഹത്യയല്ലെന്നും സൈബർ അധിക്ഷേപത്തിലൂടെയുള്ള കൊലപാതകമാണെന്നും ആശിഷ് ദാസ് ഫേസ്ബുക്കിൽ കുറിച്ചു. ആതിരയുടെ ചിത്രം പങ്കുവച്ചുള്ള പോസ്റ്റിൽ കുറ്റവാളിയെ നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് പരമാവധി ശിക്ഷ നൽകുമെന്നും ഇനിയൊരു പെൺകുട്ടിക്കും ഈ അവസ്ഥയുണ്ടാകരുതെന്നും ആശിഷ് പറഞ്ഞു. നിലവിൽ മണിപ്പൂർ സബ് കളക്ടറായി ജോലി ചെയ്യുന്ന ആശിഷ് ദാസ് കേരള ഫയർ ഫോഴ്സിൽ ഫയൽമാനായി ജോലി ചെയ്തിരുന്ന ആളാണ്. ഇതിനിടെയാണ് അദ്ദേഹത്തിന് ഐഎഎസ് കിട്ടിയത്.
പൊലീസിൽ പരാതി നൽകിയ ശേഷവും അരുൺ സഹോദരിയെ ശല്യം ചെയ്യുന്ന നിലയായിരുന്നു. പൊലീസിൽ പരാതി നൽകി അവർ ഇടപെട്ട കേസിൽ ഇതാണ് സ്ഥിതിയെങ്കിൽ ഈ നാട്ടിൽ ബാക്കിയുള്ള സാധാരണ പെൺകുട്ടികളുടെ അവസ്ഥ എന്തായിരിക്കും. സൈബർ അധിക്ഷേപത്തിൽ കുടുംബം മുഴുവൻ ആതിരയ്ക്ക് ഒപ്പം നിന്നിരുന്നു. ഇതൊന്നും കാര്യമായി എടുക്കരുതെന്ന് അവളോട് പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം രാത്രി ആതിര തന്നെ ഫോണിൽ വിളിച്ചിരുന്നുവെന്നും തൻ്റെ പേരിലും അരുൺ ഫേസ്ബുക്ക് പോസ്റ്റിട്ടതിൽ വിഷമം പറഞ്ഞിരുന്നുവെന്നും ആശിഷ് ദാസ് പറയുന്നു. എന്നാൽ അതൊന്നും സാരമാക്കേണ്ടെന്നും അവനെ കൊണ്ട് തന്നെ മാപ്പ് പറയിപ്പിക്കാമെന്നും പറഞ്ഞ് താൻ ആതിരയെ ആശ്വസിപ്പിച്ചിരുന്നു. ആതിരയുടെ വിവാഹത്തിനായി പന്തൽ ഉയരേണ്ട വീടായിരുന്നു ഇതെന്നും അവിടെയിപ്പോൾ മരണപന്തലാണ് ഉയർന്നതെന്നും സഹോദരിയുടെ വിയോഗത്തിൽ വിതുമ്പി കൊണ്ട് ആശിഷ് പറഞ്ഞു.
മുൻ സുഹൃത്തായ അരുൺ വിദ്യാധരനാണ് ആതിരക്കെതിരെ ഫേസ്ബുക്കിലൂടെ സൈബർ അധിക്ഷേപം നടത്തിയത്. ഇതിനെതിരെ പൊലീസിൽ ആതിര പരാതി നൽകിയിരുന്നു. എന്നാൽ ആതിര പരാതി കൊടുത്ത കാര്യമടക്കം പറഞ്ഞാണ് പിന്നീട് ആശിഷ് സൈബർ ആക്രമണം നടത്തിയത്. ആതിരയുടെ ബന്ധുവായ ആശിഷിനെ അധിക്ഷേപിച്ചും ഇയാൾ പോസ്റ്റിട്ടു. അരുണുമായുള്ള ബന്ധം ഏറെക്കാലം മുൻപേ ആതിര ഉപേക്ഷിച്ചിരുന്നു. എന്നാൽ ആതിരയ്ക്ക് വിവാഹആലോചനകൾ തുടങ്ങിയതോടെ ഇയാൾ സൈബർ ആക്രമണം തുടങ്ങുകയായിരുന്നു. ആതിരയുടെ ചിത്രങ്ങളടക്കം അരുൺ ഫേസ്ബുക്കിൽ പങ്കുവച്ചിരുന്നു.
അതേസമയം ആതിരയുടെ പരാതിയിൽ വൈക്കം എ.എസ്.പി അടക്കമുള്ള ഉദ്യോഗസ്ഥർ ഇടപെട്ടിരുന്നു എന്നാണ് പൊലീസ് പറയുന്നത്. പൊലീസ് ആതിരയെ നേരിൽ വിളിച്ച് സംസാരിച്ചിരുന്നു. അരുൺ വിദ്യാധരനെതിരെ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് കേസെടുത്തിട്ടുണ്ടെന്നു പൊലീസ് പറയുന്നു. ആതിരയുടെ മരണശേഷം ഫേസ്ബുക്ക് പോസ്റ്റുകൾ ഡിലീറ്റ് ചെയ്ത് അരുൺ ഒളിവിൽ പോയെന്നാണ വിവരം. ഇയാൾ കോയമ്പത്തൂരിലുണ്ടെന്ന വിവരത്തെ തുടർന്ന് പൊലീസ് സംഘം അവിടെയെത്തിയിട്ടുണ്ട്. ഇയാൾ ഉടൻ പിടിയിലാവും എന്നാണ് പൊലീസ് നൽകുന്ന വിവരം.