ചങ്ങരംകുളം: വിവാഹസത്കാരത്തിനിടെ ഭക്ഷണം വിളമ്പുന്നതിനിടെ ചൊല്ലി കൂട്ടയടി. മലപ്പുറം ചങ്ങരംകുളത്താണ് സംഭവം. വിവാഹസത്കാര ചടങ്ങിനിടെ ഒരു കൂട്ടം ആളുകൾ ഭക്ഷണം ലഭിക്കാത്തതിനെ ചൊല്ലി സംസാരമുണ്ടാക്കിയതാണ് വാക്കേറ്റത്തിനും പിന്നെ കൂട്ടയടിക്കും കാരണമായത്.
സംഘർഷത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായാണ് വിവരം. സ്ഥലത്ത് എത്തിയ ചങ്ങരംകുളം പൊലീസ് പത്ത് പേരെ സ്ഥലത്ത് നിന്നും കസ്റ്റഡിയിലെടുത്തെങ്കിലും പരാതി ലഭിക്കാത്തതിനാൽ ആർക്കെതിരെയും കേസെടുത്തിട്ടില്ല. സംഘർഷത്തിൽ സാരമായി പരിക്കേറ്റ നീലിയാട് കക്കുഴിപ്പറമ്പിൽ ശരത്ത് (46) ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ഞായറാഴ്ച വൈകിട്ട് മൂന്നരയോടെയാണ് സംഭവം. മദ്യപിച്ചെത്തിയ ചിലർ തങ്ങൾക്ക് ഭക്ഷണം ലഭിച്ചില്ലെന്ന് പറഞ്ഞ് പ്രശ്നമുണ്ടാക്കുകയായിരുന്നു. ഇതു വലിയ വാക്കേറ്റത്തിലേക്കും പിന്നീട് കൂട്ടയടിയിലേക്കും വഴിമാറി. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ശരത്തിൻ്റെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാൽ ആരേയും ഇതുവരെ പ്രതി ചേർത്തിട്ടില്ല.