ദില്ലി: കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ യുഎഇ സന്ദർശനം റദ്ദാക്കി. കേന്ദ്ര സർക്കാർ അനുമതി നിഷേധിച്ചതോടെ യാത്ര റദ്ദാക്കിയത്. യുഎഇ സർക്കാരിന്റെ പ്രത്യേക ക്ഷണപ്രകാരം വാർഷിക നിക്ഷേപ സമ്മേളനത്തിൽ പങ്കെടുക്കാൻ മേയ് ഏഴിനാണ് മുഖ്യമന്ത്രി പോകേണ്ടിയിരുന്നത്. നാലുദിവസത്തെ സന്ദർശനമായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാൽ, കേന്ദ്ര സർക്കാർ മുഖ്യമന്ത്രിക്കുള്ള യാത്രാനുമതി നിഷേധിക്കുകയായിരുന്നു.
മന്ത്രിമാരായ പി.എ മുഹമ്മദ് റിയാസും പി. രാജീവും യുഎഇയിലേക്ക് മുഖ്യമന്ത്രിയോടൊപ്പം പോകാനും അവിടെ വിവിധ ചടങ്ങുകളിൽ പങ്കെടുക്കാനുമായിരുന്നു പദ്ധതിയിട്ടിരുന്നത്. മെയ് പത്തിന് ദുബൈയിൽ മുഖ്യമന്ത്രിക്ക് സ്വീകരണം നൽകുന്നതടക്കം വിവിധ പൊതുപരിപാടികൾ നിശ്ചയിച്ചിരുന്നു.
അനുമതി നിഷേധിച്ചതിന് പിന്നാലെ മുഖ്യമന്ത്രിക്കായി ഒരുക്കിയ പൗരസ്വീകരണം മറ്റൊരു തീയതിയിലേക്ക് മാറ്റിയതായി സംഘാടകർ വാർത്താക്കുറിപ്പിൽ അറിയിച്ചു. മേയ് 10ന് ബുധനാഴ്ച്ച അൽ നാസർ ലെഷർലാന്റിൽ വൻ പൗര സ്വീകരണം ഒരുക്കാനായിരുന്നു സംഘാടകരുടെ പദ്ധതി. പുതുക്കിയ തിയതി സംബന്ധിച്ച് തീരുമാനമായ ശേഷം അറിയിക്കും എന്നാണ് സംഘാടകർ ഇപ്പോൾ പറയുന്നത്.