പഴയ തലമുറയെയും പുതിയ തലമുറയെയും ഒരു പോലെ ചിരിപ്പിച്ച ഹാസ്യ രാജാവായിരുന്നു മാമുക്കോയ. സോഷ്യൽ മീഡിയ വ്യാപകമായതോടെ മാമുക്കോയൻ ഡയലോഗുകകളും ഭാവങ്ങളുമെല്ലാം മീമുകളായും വാട്സാപ്പ് സ്റ്റിക്കറുകളായും ട്രോളുകളായും നിറഞ്ഞു നിന്നു.
ഹിസ് ഹൈനെസ്സ് അബ്ദുള്ളയും, മന്ത്രമോതിരവും,വടക്കുനോക്കിയെന്ത്രം തുടങ്ങിയ ചിത്രങ്ങളിറങ്ങുമ്പോൾ ജനിച്ചിട്ടില്ലായിരുന്ന പുതിയ തലമുറ മാമുക്കോയയെ മീമുകളും ട്രോളുകളുമാക്കി. തന്റെ സ്വതസിദ്ധമായ ‘ഉരുളയ്ക്കുപ്പേരി’ മറുപടികൾ കൊണ്ട് അദ്ദേഹം പുതിയ തലമുറയ്ക്കിടയിലും സ്ഥാനം കണ്ടെത്തിയിരുന്നു.
‘തഗ് ലൈഫ് സുൽത്താൻ’ എന്ന വിളിയെ കുറിച്ച ചോദിച്ചപ്പോൾ അദ്ദേഹം ഒരിക്കൽ പറഞ്ഞതിങ്ങനെയായിരുന്നു. “…….അവര് സുൽത്താൻ എന്നല്ല മഹാരാജാവ് എന്ന് വിളിച്ചാലും സന്തോഷമേയുള്ളൂ, ഞാനിതൊക്കെ ആസ്വദിക്കുന്നതാണ്. ആൾക്കാർ ഇത് കണ്ട് സന്തോഷിക്കുന്നുണ്ടെങ്കിൽ നല്ല കാര്യമല്ലേ.. ”
മഹർഷി വേഷത്തിലെത്തി മലബാർ ഭാഷയിൽ സംസാരിച്ച മന്ത്രമോതിരത്തിലെ കഥാപാത്രം,നാടോടിക്കറ്റിലെ തട്ടിപ്പുകാരൻ ഗഫൂർക്ക, സന്ദേശത്തിലെ കെ. ജി. പൊതുവാൾ, ചന്ദ്രലേഖയിലെ പലിശക്കാരൻ, വെട്ടത്തിലെ ഹംസക്കോയ/ രാമൻ കർത്താ, മഴവിൽകാവടിയിലെ കുഞ്ഞിഖാദർ,ഉസ്താദ് ഹോട്ടലിലെ ഉമ്മർ, തലയണമന്ത്രത്തിലെ കുഞ്ഞിരാമൻ മേസ്തിരി ഇങ്ങനെ നീണ്ടു പോകുന്നു ട്രോളന്മാർ ആഘോഷിച്ചു കൊണ്ടിരിക്കുന്ന തഗ്ഗുകൾ.
ചാനൽ പരിപാടികളിലും അഭിമുഖങ്ങളിലും പറയുന്ന ‘ഉരുളക്കുപ്പേരി’ പോലുള്ള മറുപടികളും പുതിയ തലമുറ ആഘോഷമാക്കാറുണ്ട്.
കുരുതി എന്ന ചിത്രത്തിലെ മാസ്സ് കഥാപാത്രവും സോഷ്യൽമീഡിയകളിൽ നിറഞ്ഞാടിയിരുന്നു.
ചെയ്തു വച്ച കഥാപാത്രങ്ങളൊക്കെ അവിസ്മരണീയമാക്കിയാണ് മാമുക്കോയ വിട വാങ്ങുന്നത്. എല്ലാ തലമുറയുടെയും ഇഷ്ടം പിടിച്ചു വാങ്ങിയ ഹാസ്യ സാമ്രാട്ട് വിടവാങ്ങുമ്പോൾ മലയാള സിനിമയ്ക്കിത് തീരാത്ത നഷ്ടമാണ്. മാമുക്കോയ വിട വാങ്ങുമ്പോൾ വാർത്താ മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും നിറഞ്ഞത് മാമുക്കോയ അനശ്വരമാക്കിയ കോമഡി രംഗങ്ങളാണ്. മലയാളികളെ ചിരിപ്പിച്ചു കൊണ്ടാണ് പ്രിയനടൻ്റെ മടക്കം എന്നതും മറ്റൊരു കൗതുകം.