ഇരുവിഭാഗം സേനകള്‍ തമ്മിലുള്ള ഏറ്റുമുട്ടലിനെ തുടര്‍ന്ന് സംഘര്‍ഷം രൂക്ഷമായ സുഡാനില്‍ കുടുങ്ങിക്കിടക്കുന്നവരെ തിരിച്ചെത്തിക്കുന്നത് സംബന്ധിച്ച് ഇടപെടല്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്. മലയാളികള്‍ ഉള്‍പ്പെടെ സുഡാനില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടില്‍ എത്തിക്കാന്‍ നടപടികള്‍ കൈക്കൊള്ളണമെന്ന് അഭ്യര്‍ത്ഥിച്ചാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചത്.
സുഡാനില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികള്‍ക്ക് ഭക്ഷണവും കുടിവെള്ളവും വൈദ്യുതിയും മരുന്നുകളും അടക്കമുള്ള വസ്തുക്കള്‍ ലഭ്യമല്ലാത്ത സാഹചര്യമാണുള്ളത്. സുഡാന്റെ ഒറ്റപ്പെട്ട പ്രദേശങ്ങളിലും മലയാളികള്‍ കുടുങ്ങിക്കിടക്കുന്നതായുള്ള വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
കുടുങ്ങിക്കിടക്കുന്നവരുടെ ദുരിതാവസ്ഥ സംബന്ധിച്ച് നിരവധി പരാതികള്‍ സര്‍ക്കാരിന് ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വിഷയത്തില്‍ ഇടപെടണമെന്നും ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും അവരെ തിരിച്ചെത്തിക്കുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നുമാണ് മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെടുന്നത്.
സുഡാനിലെ ആഭ്യന്തര യുദ്ധത്തില്‍ 300 ലേറെ പേര് മരിച്ചതായാണ് റിപ്പോര്‍ട്ട്. മലയാളികള്‍ ഉള്‍പ്പെടെ നിരവധി ഇന്ത്യക്കാര്‍ കുടുങ്ങിക്കിടക്കുന്നതിനാല്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം വിളിച്ചു ചേര്‍ത്തിരുന്നു.
മലയാളികള്‍ ഉള്‍പ്പെടെ 4000 ത്തോളം ഇന്ത്യക്കാര്‍ സുഡാനില്‍ കുടുങ്ങിക്കിടക്കുന്നതായാണ് കേന്ദ്രസര്‍ക്കാര്‍ കണക്കുകൂട്ടല്‍. ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കാനുള്ള ശ്രമം നടക്കുന്നതായി നേരത്തെ വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു.
ഈദ് കണക്കിലെടുത്ത് അടിയന്തര വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് ഐക്യരാഷ്ട്ര സഭയും സൗദി, ഖത്തര്‍, തുര്‍ക്കി എന്നിവ ഉള്‍പ്പെടെയുള്ള രാജ്യങ്ങളും നിര്‍ദേശം മുന്നോട്ട് വെച്ചിട്ടുണ്ട്.